ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുബായില്‍ വധശിക്ഷ നടപ്പാക്കി: എട്ട് വയസുകാരനെ പീഡിപ്പിച്ചു കൊന്ന പ്രവാസിയെ വധശിക്ഷയ്ക്ക് വിധേയനാക്കി

single-img
24 November 2017

ദുബായ്: ദുബായില്‍ എട്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ജോര്‍ദാന്‍ സ്വദേശി നിദാല്‍ ഈസ്സ അബ്ദുല്ല അബു അലി (49)യുടെ വധശിക്ഷ നടപ്പാക്കി. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ദുബൈ എമിറേറ്റില്‍ വധശിക്ഷ നടപ്പാക്കുന്നത്.

2016 മേയിലാണ് കേസിന് ആസ്പദമായ സംഭവം. എട്ട് വയസുകാരന്‍ ഉബൈദയെ ഷാര്‍ജയില്‍ നിന്ന് പ്രതി കാറില്‍ തട്ടികൊണ്ടുപോവുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ദുബൈയിലെ വര്‍ഖയില്‍ റോഡരികില്‍ കണ്ടെത്തി.

അന്വേഷണത്തില്‍ കേസിലെ പ്രതി നിദാല്‍ ഈസ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞു. മദ്യലഹരിയിലായിരുന്നുവെന്നും മനഃപൂര്‍വമല്ലെന്നും പ്രതി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വധശിക്ഷ നല്‍കാനായിരുന്നു ദുബൈ പരമോന്നത കോടതിയുടെ വിധി.

വധശിക്ഷക്ക് ദുബൈ ഭരണാധികാരി കൂടി അനുമതി നല്‍കിയതോടെ വ്യാഴാഴ്ച രാവിലെ ഫയറിങ് സ്‌ക്വാഡ് വധശിക്ഷ നടപ്പാക്കി. തങ്ങള്‍ക്ക് നീതി ലഭിച്ചു എന്നായിരുന്നു ഉബൈദയുടെ പിതാവ് പ്രതികരിച്ചത്.