ബിഎസ്പിക്ക് വോട്ട് ചെയ്താല്‍ പതിയുന്നത് ബിജെപിക്ക്, മീററ്റില്‍ തെരഞ്ഞെടുപ്പ് തടസപ്പെട്ടു

single-img
23 November 2017

മീററ്റ്: വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ നടന്ന ആദ്യഘട്ട പ്രാദേശിക തിരഞ്ഞെടുപ്പിനിടെയാണ് വോട്ടിംഗ് മെഷീനിലെ തകരാറുണ്ടായത്.

പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്ന യൂപിയില്‍ തസ്ലീന്‍ അഹമ്മദ് എന്ന വോട്ടര്‍ ബിഎസ്പിക്ക് നേരെയുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്തെങ്കിലും ബിജെപിക്ക് വോട്ട് രേഖപ്പെടുത്തിയതായി മെഷീന്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. കേടായ മെഷീനാണെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും മറ്റു പാര്‍ട്ടികള്‍ ഈ വാദം തള്ളി. ബിജെപിക്ക് വോട്ട് മറിക്കാനുള്ള ഒരു തന്ത്രമാണിതെന്ന് അവര്‍ ആരോപിച്ചു.

ഇതിനിടെ ബിഎസ്പിയുടെ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മെഷീന്‍ ബിജെപിക്ക് വോട്ട് രേഖപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ‘ഞാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. ഞാന്‍ ആ ബട്ടണില്‍ ഞെക്കിപ്പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു. വോട്ടിംഗ് യന്ത്രം എന്റെ വോട്ട് ബിജെപിക്ക് രേഖപ്പെടുത്തപ്പെട്ടതായി അറിയിച്ചു. ഞാന്‍ ഒരു മണിക്കൂറായി ഇവിടെ നില്‍ക്കുന്നു. പക്ഷെ, ഇതുവരെ ഇതിന് പരിഹായരമുണ്ടായില്ലെന്ന് തസ്ലീന്‍ വീഡിയോയില്‍ പറയുന്നു.

അതേസമയം ന്യൂനപക്ഷങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലയിലാണ് ഇത് നടന്നിട്ടുള്ളതെന്നും വോട്ടിങ് മെഷിന്‍ മാറ്റിയതോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആശങ്ക നിലനില്‍ക്കുകയാണെന്ന് ബിഎസ്പി എംഎല്‍എ യോഗേഷ് വര്‍മ പറഞ്ഞു. വോട്ട് രേഖപ്പടുത്തപ്പെട്ടാല്‍ ഉടന്‍ തന്നെ വോട്ടിംഗ് യന്ത്രം ലോക്കാവും. ചെയ്ത വോട്ട് മാറ്റാന്‍ കഴിയില്ല. അതിനാല്‍ ‘കേടായ’ മെഷീനില്‍ രേഖപ്പെടുത്തപ്പെട്ട വോട്ടുകളെല്ലാം ഇതിനകം ബിജെപിയുടേതായി മാറിക്കഴിഞ്ഞു.

ആഗ്രയിലെ ഗൗതം നഗറില്‍ ബൂത്ത് നമ്പര്‍ 69ലും ബിജെപിക്ക് അനുകൂലമായി മാത്രം വോട്ടുകള്‍ രേഖപ്പെടുത്തുന്ന വോട്ടിംഗ് യന്ത്രത്തെപ്പറ്റി പരാതി ഉയര്‍ന്നിരുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ബിജെപി വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയതായി വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.