പാക്കിസ്ഥാന്റേത് വ്യാജമുഖം;മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ

single-img
23 November 2017

ലഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ഭീകരവാദത്തിനെതിരെ പോരാടുന്നുവെന്ന് ആവര്‍ത്തിക്കുന്ന പാക്കിസ്ഥാന്റെ വ്യാജമുഖമാണിതെന്ന് ഇന്ത്യ ആരോപിച്ചു.

ഭീകരവാദത്തിന്റെ കാര്യത്തില്‍ പക്കിസ്ഥാന്റേത് രാജ്യാന്തര സമൂഹത്തെ കബളിപ്പിക്കുന്ന നിലപാടാണ്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഭീകരനായ ഹാഫിസ് സയീദിനെ വിട്ടയയ്ക്കാനുള്ള നീക്കമെന്ന് ഇന്ത്യ വ്യക്തമാക്കി. പാക്ക് മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നുള്ള വാക്കു പാലിക്കാന്‍ തയാറാകണമെന്നും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഒന്‍പതു വര്‍ഷം പൂര്‍ത്തിയാകാന്‍ നാലു ദിവസം മാത്രം അവശേഷിക്കെയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ വിട്ടയയ്ക്കാനുള്ള നീക്കം. മറ്റു രാജ്യങ്ങള്‍ക്കെതിരായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ തുടര്‍ന്നും സഹായം ചെയ്യുമെന്നതിന്റെ തെളിവാണ് ഹാഫിസ് സയീദിനെ വിട്ടയയ്ക്കാനുള്ള നീക്കമെന്നും ഇന്ത്യ വിമര്‍ശിച്ചു.

വീട്ടുതടങ്കലിലായിരുന്ന സയിദിനെ മോചിപ്പിക്കാന്‍ പാകിസ്താന്‍ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് സയീദിനെ വിട്ടയയ്ക്കുമെന്നാണ് സൂചന. പാകിസ്താന്‍ ജനാധിപത്യത്തിന്റെ വിജയമാണിതെന്നായിരുന്നു ഉത്തരവിനോടുള്ള ഹാഫിസ് സയിദിന്റെ പ്രതികരണം.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയിദിനെയും കൂട്ടാളികളെയും ഈ വര്‍ഷം ജനുവരിയിലാണ് വീട്ടുതടങ്കലിലാക്കിയത്. ഭീകരതയ്ക്കെതിരെ നടപടിയെടുക്കണമെന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരുന്നു ഒരിക്കല്‍ വിട്ടയച്ച് ഇവരെ വീണ്ടും തടവിലാക്കിയത്.