പണം എടുത്തില്ലെങ്കിലും ബാങ്ക് അക്കൗണ്ട് ഇടക്കിടെ പരിശോധിക്കണം: ഇല്ലെങ്കില്‍ ലീലയുടെ ഗതിവരും; എസ്ബിഐയില്‍ നിന്ന് വീട്ടമ്മയ്ക്ക് നഷ്ടമായത് അരലക്ഷം രൂപ

single-img
22 November 2017

കഴക്കൂട്ടം: ബാങ്ക് അക്കൗണ്ടില്‍ നിന്നും തന്റെ പണം നഷ്ടപ്പെട്ടതായി വീട്ടമ്മയുടെ പരാതി. കഴക്കൂട്ടം എസ്ബിഐ ശാഖയില്‍ നിന്നും 55, 750 രൂപ നഷ്ടപ്പെട്ടെന്നാണ് കഴക്കൂട്ടം പ്രഭാത് ഭവനില്‍ ലീല പരാതി നല്‍കിയിരിക്കുന്നത്. 2017 മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങള്‍ക്കിടയിലാണ് പണം പിന്‍വലിച്ചിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.

മൂന്നു തവണയായാണ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ബാങ്കില്‍ പരാതിപ്പെട്ടപ്പോള്‍ ക്യാഷ് വിഡ്രോവല്‍ ഫോം ഉപയോഗിച്ചാണ് പണം എടുത്തിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ താൻ ബാങ്കില്‍ എത്തിയിട്ടില്ലെന്ന് ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോധ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് 15ന് 37,750 രൂപയും ആഗസ്റ്റ് 29ന് 10,000 രൂപയും ഈ മാസം ഒന്നിന് 10,000 രൂപയും വീതം മൂന്നു തവണകളായി 55,750 രൂപയാണ് അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 6ന് 23,250 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. ഇതിനുശേഷം നവംബര്‍ 15ന് പെന്‍ഷന്‍ തുക വന്നിട്ടുണ്ടോയെന്നറിയാന്‍ ബാങ്കില്‍ പോയപ്പോഴാണ് പണം നഷ്ടമായ വിവരം ലീല അറിയുന്നത്.

എന്നാല്‍ മാര്‍ച്ചില്‍ പണം നിക്ഷേപിച്ചതിനു ശേഷം അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടെന്ന വാര്‍ത്ത കഴക്കൂട്ടം എസ്ബിഐ ബാങ്ക് മാനേജര്‍ നിഷേധിച്ചു. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും ഇത് പരിഹരിച്ചെന്നും ബാങ്ക് മാനേജര്‍ ഇവാർത്തയോട് പറഞ്ഞു.

എന്നാല്‍ ഇതിനു പിന്നില്‍ എന്തോ ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് പണം നഷ്ടപ്പെട്ട കുടുംബം പറയുന്നത്. ഇക്കാര്യം കഴക്കൂട്ടം എസ്‌ഐയും ശരിവെക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിഷയം വളരെ ഗൗരവമായാണ് കാണുന്നതെന്നും കഴക്കൂട്ടം എസ്‌ഐ ഇവാര്‍ത്തയോട് പറഞ്ഞു.