നിലപാടുകള്‍ മാറ്റി ഹാര്‍ദിക് പട്ടേല്‍: കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയെന്ന പ്രസ്താവന തിരുത്തി; ‘വോട്ട് കോണ്‍ഗ്രസിന്’

single-img
22 November 2017

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയെച്ചൊല്ലി കോണ്‍ഗ്രസും പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണെന്നും നീതി നടപ്പാക്കുമെന്നു ഉറപ്പുള്ളവര്‍ക്കായിരിക്കണം വോട്ട് നല്‍കേണ്ടതെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.

അഹമ്മദാബാദിലെ ധോല്‍ക്കയില്‍ പട്ടേല്‍ സമുദായ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലഞ്ചു സീറ്റുകള്‍ക്കുവേണ്ടി പട്ടേല്‍ സമുദായത്തിന്റെ 14 രക്തസാക്ഷികളെ മറക്കരുതെന്നും ഒരു പാര്‍ട്ടികളോടും സീറ്റ് ആവശ്യപ്പെടുന്നില്ലെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

2015ല്‍ സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങളിലെ നഷ്ടം മറക്കാനാകുന്നതല്ല. പട്ടേല്‍ സമുദായത്തിനായി ഉചിതമായ ഇടപെടല്‍ നടത്തിയത് ആരാണ്. ജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത പാര്‍ട്ടികളാണു ബിജെപിയും കോണ്‍ഗ്രസുമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ആര്‍ക്കു വോട്ട് ചെയ്യണമെന്നു സമുദായത്തോട് ആവശ്യപ്പെടില്ലെന്നും അത് അംഗങ്ങളുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കുന്നെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. നമ്മുടെ ഏക ലക്ഷ്യം സമുദായത്തിനെതിരായ അക്രമങ്ങളും അനീതിയും അവസാനിപ്പിക്കുക എന്നതാണെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആദ്യപട്ടികയില്‍ 20 സീറ്റുകളാണു പട്ടേല്‍ സമുദായം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. കുറഞ്ഞത് 12 സീറ്റെങ്കിലും കിട്ടണമെന്നും വാശിപിടിച്ചു. അതേസമയം 77 സീറ്റുകളുടെ ആദ്യപട്ടികയില്‍ പട്ടേല്‍ വിഭാഗത്തിന് 22 സീറ്റ് നല്‍കി.

പക്ഷേ അതില്‍ ഇരുപതും കോണ്‍ഗ്രസുകാരായ പട്ടേലുകളായിരുന്നു. ഹാര്‍ദിക് പക്ഷത്തെ രണ്ടു പേര്‍ക്കു മാത്രമാണ് സീറ്റ് ലഭിച്ചത്. പിന്നീട് ഇത് വെട്ടിത്തിരുത്തി ഹാര്‍ദിക് അനുയായികള്‍ക്കു മൂന്നു സീറ്റ് കൂടി നല്‍കിയെങ്കിലും തര്‍ക്കം അവസാനിച്ചിട്ടില്ല.

അതേസമയം ഒബിസി വിഭാഗത്തിന് നല്‍കുന്നതിനോട് സമാനമായ സംവരണം പാട്ടിദാര്‍ വിഭാഗത്തിനും നല്‍കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയതായി ഹാര്‍ദിക് പട്ടേല്‍ അറിയിച്ചു. താന്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഉദ്യേശിക്കുന്നില്ല. എന്നാല്‍, ബിജെപിക്കെതിരേ കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും ഹാര്‍ദിക് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാട്ടിദാര്‍ വിഭാഗം എന്നും ഇരയാക്കപ്പെട്ടവരാണ്. ബിജെപി പാട്ടിദാര്‍ വിഭാഗത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, കോണ്‍ഗ്രസുമായി പട്ടിദാര്‍ വിഭാഗത്തിന് അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഹാര്‍ദിക് വ്യക്തമാക്കി. പാട്ടിദാര്‍ സംവരണം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം സംവരണം ഉറപ്പാക്കുന്ന ബില്ലും കോണ്‍ഗ്രസ് തയാറാക്കും.

എന്നാല്‍, നേരത്തെ നിലനിന്നിരുന്ന 49 ശതമാനം സംവരണം നീക്കില്ലെന്നും ഹാര്‍ദിക് പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സംഖ്യത്തിലായ ശേഷവും ഹാര്‍ദിക് പട്ടേല്‍ രണ്ട് തവണ മാധ്യമങ്ങളെ കാണാന്‍ വിസമ്മതിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച്ച അദ്ദേഹം പാട്ടിദാര്‍ വിഭാഗത്തിന്റെ നിലപാട് അറിയിക്കുകയായിരുന്നു.