ഒടുവില്‍ അന്വേഷണസംഘം ദിലീപിനെ കുരുക്കി: മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാകും; രണ്ടുപേരെ മാപ്പുസാക്ഷിയുമാക്കി

single-img
22 November 2017

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്നുച്ചയോടെ അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ രണ്ടുപേരെ മാപ്പുസാക്ഷിയാക്കിയും ദിലീപിനെ എട്ടാം പ്രതിയാക്കിയുമുളള കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. നേരത്തെ ചുമത്തിയ ഗൂഡാലോചന, കൂട്ടബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങള്‍ അടക്കം പതിനേഴോളം വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്.

പൊലീസുകാരനായ അനീഷ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികള്‍. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണില്‍നിന്നാണ്. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാലും.

നടി മഞ്ജു വാര്യര്‍ പ്രധാന സാക്ഷികളിലൊരാളാകും. ദിലീപും സുനിയും മാത്രമാണ് ഗൂഡാലോചനയില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് കണ്ടെത്തല്‍. സിനിമാ മേഖലയില്‍ നിന്നുളള പ്രമുഖരടക്കം മൂന്നൂറ്റമ്പതോളം പേരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം 450 രേഖകള്‍ തെളിവായി ഹാജരാക്കുന്നുണ്ട്.

ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. കൃത്യം നടത്തിയവരും ഒളിവില്‍ പോകാന്‍ സഹായിച്ചവരുമാണ് ആദ്യകുറ്റപത്രത്തിലുളളത്. ദിലീപ്, അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഏഴു പേരെ പ്രതികളാക്കി ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമായാണ് അടുത്തത് നല്‍കുന്നത്.

ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കണമെങ്കില്‍ ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വലിയ അഴിച്ചു പണി നടത്തേണ്ടി വരും. ഇത് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കും.

ഇക്കാരണങ്ങള്‍ കൊണ്ടാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നത്. എത്രാമത്തെ പ്രതിയാണെങ്കിലും ചുമത്തിയ കുറ്റങ്ങളാണ് ശിക്ഷയെ നിര്‍ണ്ണയിക്കുന്നതെന്ന് നിയമ വിദഗ്ദര്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അന്തിമ വിശകലനങ്ങള്‍ക്കു വേണ്ടിയായിരുന്നു കൂടിക്കാഴ്ച.

നടിയെ ആക്രമിക്കാന്‍ വാടകഗുണ്ടകളുടെ സഹായം തേടിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ അതീവഗൗരവത്തോടെ കാണണമെന്നാണ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്.