ഒരു കിലോ തേങ്ങയ്ക്ക് 55 രൂപ; വെളിച്ചെണ്ണ കിലോയ്ക്ക് 250: വില കുറഞ്ഞ വ്യാജ വെളിച്ചെണ്ണയ്ക്ക് ഡിമാന്‍ഡേറുന്നു

single-img
22 November 2017

കേര കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി നാളികേര വില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഒരു മാസത്തിനിടെ പതിനഞ്ച് രൂപ വര്‍ദ്ധിച്ച് കിലോയ്ക്ക് 55 രൂപ പിന്നിട്ടതായാണ് വിവരം. ഉല്‍പ്പാദനക്കുറവാണ് വില ഉയരാന്‍ കാരണം. തേങ്ങയുടെ വില കൂടിയതോടെ വെളിച്ചണ്ണയ്ക്കും വില കൂടിയിട്ടുണ്ട്.

കടുത്തവേനലിലുണ്ടായ ഉല്‍പാദന കുറവാണ് നാളികേരത്തിന്റെയും വെളിച്ചണ്ണയുടെയും വിലകൂടാന്‍ കാരണമായത്. തീരദേശജില്ലകളിലടക്കം നാളികേരത്തിന്റെ ഉല്‍പ്പാദനത്തില്‍ കുറവ് വന്നതായി വ്യാപാരികള്‍ പറയുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള നാളികേരത്തിന്റെ വരവും കുറഞ്ഞു.

തമിഴ്‌നാട്ടിലുണ്ടായ ഉല്‍പ്പാദനക്കുറവും നാളികേരത്തിന്റെ ദൗര്‍ലഭ്യത്തിനും വിലവര്‍ധനയ്ക്കും കാരണമായി. ആലപ്പുഴയില്‍ മൊത്തകച്ചവടക്കാര്‍ തേങ്ങ വില്‍ക്കുന്നത് കിലോയ്ക്ക് 47 രൂപയ്ക്കാണ്. മറ്റു കടകളില്‍ അമ്പതും അതിന് മുകളിലുമാണ് ഈടാക്കുന്നത്.

ഒരു തേങ്ങയ്ക്ക് ശരാശരി 25 രൂപയ്ക്ക് അടുത്താണ് വില. കഴിഞ്ഞ വര്‍ഷം ഒരു കിലോയ്ക്ക് വില ഇരുപത്തിയഞ്ച് രൂപയായിരുന്നു. ഓണക്കാലത്ത് ആരംഭിച്ച വിലക്കുതിപ്പ് ഉടനൊന്നും താഴാനും ഇടയില്ലെന്നാണ് സൂചന. അതേസമയം നാളികേരത്തിന്റെ വിലയിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് വെളിച്ചെണ്ണ വില കിലോയ്ക്ക് 240 രൂപയ്ക്ക് മുകളിലെത്തി.

ഇത് വ്യാജ വെളിച്ചെണ്ണയുടെ വരവിനും വഴിതുറന്നിട്ടുണ്ട്. നൂറു മുതല്‍ 150 രൂപ വരെ വിലയില്‍ വെളിച്ചെണ്ണയെന്ന പേരില്‍ രാസ സംയുക്തങ്ങളടങ്ങിയ ഓയിലാണ് വില്‍പ്പന നടത്തുന്നത്. ലിറ്ററിന് 20 രൂപയുള്ള വൈറ്റ് ഓയില്‍ എന്ന സംയുക്തം അല്‍പ്പം നല്ല വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വെളിച്ചെണ്ണയുടെ ഗന്ധവും കളറും വരുത്തിയാണ് വിപണനം.

വ്യാപാരികളും ഇതില്‍ വഞ്ചിതരാവുന്നു. യഥാര്‍ത്ഥ കമ്പനികളുടെ രേഖകളെല്ലാം വ്യാജ വെളിച്ചെണ്ണ പാക്കറ്റുകളിലും രേഖപ്പെടുത്തിയിരിയ്ക്കും. ഒറിജിനലേത് വ്യാജനേത് എന്ന് കണ്ടുപിടിക്കുക പ്രയാസം. വിലക്കുറവിനൊപ്പം കച്ചവടക്കാരുടെ മാര്‍ജിനും കൂടുതലാണ്. അതുകൊണ്ട് വിപണികളില്‍ വ്യാജന്മാര്‍ക്ക് ഡിമാന്‍ഡേറി.

ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനകളെ തുടര്‍ന്ന് 17 ബ്രാന്റ് വെളിച്ചെണ്ണകള്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്നു. ഇതേ കമ്പനികള്‍ തന്നെയാണ് വിപണികളില്‍ വ്യാജ വെളിച്ചെണ്ണകള്‍ എത്തിച്ചിരിക്കുന്നതെന്ന് വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ പറയുന്നു.