അമലാപോളിന് ബാത്ത്‌റൂം പോലുമില്ലാത്ത ഒറ്റ മുറി വീട്; ഫഹദ് ഫാസിലും സുരേഷ് ഗോപിയും ഒരു പരിചയവുമില്ലാത്തവരുടെ വീടുകളിലും; താരങ്ങളുടെ താമസസ്ഥലം കണ്ട് ഉദ്യോഗസ്ഥര്‍ അന്തംവിട്ടു

single-img
22 November 2017

തിരുവനന്തപുരം: ആഡംബരക്കാറുകളുടെ നികുതി വെട്ടിക്കാന്‍ സിനിമാ മേഖലയിലുള്ളവരും വ്യവസായികളും മറ്റും നടത്തിയ തട്ടിപ്പുകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ഇതിന്മേല്‍ മോട്ടോര്‍വാഹന വകുപ്പ് അന്വേഷണത്തില്‍, ഇന്‍ഷുറന്‍സ് പോളിസി മുതല്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ വരെ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തിയാണു പല വാഹനങ്ങളും റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി.

രജിസ്‌ട്രേഷന്‍ രേഖ പ്രകാരം പുതുച്ചേരി തിലാസ്‌പേട്ട് സെന്റ് തെരാസാസ് സ്ട്രീറ്റില്‍ ആറാം നമ്പര്‍ വീടാണ് അമല പോളിന്റെത്. ഒരു വര്‍ഷമായി ഇവിടെ താമസിക്കുകയാണെന്നാണ് താരം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ഇതൊരു ഒറ്റ മുറി വീടാണെന്നും വീട്ടില്‍ ബാത്ത്‌റൂം പോലുമില്ലെന്നും മോട്ടോര്‍വാഹന വകുപ്പ് നേരിട്ട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ഇപ്പോള്‍ താമസം പുതുച്ചേരിയിലാണെന്നു കാണിക്കാന്‍ ഈ മുറി വിലാസമാക്കി എടുത്ത ഇന്‍ഷുറന്‍സ് പോളിസിയാണ് നടി രേഖയായി നല്‍കിയത്. ഇതിനായി ഒരു ലക്ഷം രൂപയുടെ പോളിസി എടുത്ത നടി 860 രൂപ അടച്ചാണ് പുതുച്ചേരി വിലാസക്കാരിയാണെന്ന് തെളിയിച്ചത്. തട്ടിപ്പ് നടത്തിയവരെല്ലാം ഇന്‍ഷുറന്‍സ് പോളിസിയെയാണു കൂട്ടുപിടിച്ചിരിക്കുന്നതെന്നും മോട്ടോര്‍വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പുതുച്ചേരി തിലാസ് പേട്ടിലെ പുതുപ്പെട്ട് സെക്കന്‍ഡ് ക്രോസ് 16 ആണ് ഫഹദ് ഫാസിലിന്റെ വീട്. രണ്ടുവര്‍ഷമായി ഇവിടെ താമസിക്കുന്നുവെന്നാണ് താരത്തിന്റെ സത്യവാങ് മൂലം. എന്നാല്‍, നഗറിന്റെ പേരില്ലാത്തതിനാല്‍ വീട് കണ്ടുപിടിക്കാനാകില്ലെന്നു തദ്ദേശവാസികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. അന്വേഷണത്തില്‍, മുരുകേശന്‍ നഗറിലും ടഗോര്‍ നഗറിലും ഈ വിലാസം കണ്ടെത്തി. മുരുകേശന്‍ നഗറിലെ വീട്ടില്‍ തദ്ദേശവാസിയായ ഫെഡറിക്കും കുടുംബവുമാണു പത്തുവര്‍ഷമായി താമസിക്കുന്നത്.

കൂടാതെ, ഇതേ വിലാസം ഉപയോഗിച്ചു ചങ്ങനാശേരി കളപ്പുറത്തു ഹൗസില്‍ ടോമി തോമസും കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ടഗോര്‍ നഗിലെ വീട് കണ്ടെത്തിയെങ്കിലും ഫഹദിനെക്കുറിച്ച് ആര്‍ക്കും അറിയില്ല. കോട്ടയം എംഎല്‍ റോഡിലെ കെ.ജാസ്മിനും ഈ വിലാസത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

നടന്‍ സുരേഷ് ഗോപി കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹാജരാക്കിയ വിലാസത്തിലുള്ള വീടും പരിശോധിച്ചു. എല്ലപിള്ളൈ ചാവടി ഫീറ്റ് റോഡിലെ കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റില്‍ പോയപ്പോള്‍ അത് അടഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍ വെങ്കിടേഷ് എന്നയാളാണു വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നതെന്നാണ് അയല്‍വാസികള്‍ നല്‍കിയ വിവരം.

സിപിഎമ്മിന്റെ ജനരക്ഷാ യാത്രയ്ക്കിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാരാട്ട് ഫൈസലിന്റെ കാറും വ്യാജരേഖകള്‍ നല്‍കിയാണു പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധമായ തട്ടിപ്പുകളാണ് നടക്കുന്നതെന്നും നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമായി.