വര്‍ക്കലയില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് മുങ്ങി: പിന്നീട് മറ്റൊരു വിവാഹം കഴിച്ച പ്രതിയെ ആദ്യരാത്രിയില്‍ പോലീസ് പിടികൂടി

single-img
21 November 2017

വര്‍ക്കല: പീഡന കേസ് പ്രതിയെ വിവാഹദിവസം ഭാര്യാഗൃഹത്തില്‍നിന്നും പൊലീസ് പിടികൂടി. പാരിപ്പള്ളി നെട്ടയംചേരിയില്‍ വേളമാനുര്‍ ഇര്‍ഷാദ് മന്‍സിലില്‍ ഇന്‍ഷാദ് (29) ആണ് പിടിയിലായത്. പ്രതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്‌തെന്ന് ഫെയ്‌സ് ബുക്കിലൂടെ അറിഞ്ഞ ഇടവ സ്വദേശിനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ വിവാഹദിവസം ഭാര്യാഗൃഹത്തില്‍നിന്ന് രാത്രി ഒമ്പതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. വര്‍ക്കല സിഐ പി വി രമേഷ്‌കുമാര്‍, അയിരൂര്‍ എസ്‌ഐ കെ ഷിജി, ഗ്രേഡ് എസ്‌ഐ കെ ഉണ്ണി, സിപിഒമാരായ ബിജു, ഹരി, സിബി, ഹരീഷ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴക്കൂട്ടത്തെ ഹോട്ടലില്‍ ഫെബ്രുവരിയിലും വര്‍ക്കല പാപനാശത്തെ റിസോര്‍ട്ടില്‍ ജൂലൈയിലുമായിരുന്നു പീഡനം നടന്നതെന്നും ഇതിന് ശേഷം പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.

കടയ്ക്കല്‍ സ്വദേശിനിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. മുസ്ലിം ആചാര പ്രകാരം വിവാഹ ദിവസം വധുവിന്റെ വീട്ടിലാണ് താമസം. ഈ വീട്ടിലേക്ക് തീര്‍ത്തും അപ്രതീക്ഷിതമായി പൊലീസെത്തി ഇന്‍ഷാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഗള്‍ഫിലായിരുന്നു ഇന്‍ഷാദിന് ജോലി. ഈ വര്‍ഷം ആദ്യമാണ് നാട്ടില്‍ തിരിച്ചെത്തിയത്. അതിനുശേഷമാണ് ഇടവ സ്വദേശിനിയെ ഫെയ്‌സ് ബുക്കിലൂടെ പരിജയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി കഴകൂട്ടത്തെ ഹോട്ടലിലും പാപനാശത്തെ റിസോര്‍ട്ടിലും കൊണ്ടു പോയി പെണ്‍കുട്ടിയുടെ പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചതായി ഫെയ്‌സ് ബുക്കിലൂടെ അറിഞ്ഞ ഉടന്‍ യുവതി പരാതിയുമായി എത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തനിക്ക് ബിസിനസ്സാണെന്ന് പറഞ്ഞാണ് ഇന്‍ഷാദ് പെണ്‍കുട്ടിയെ വലയിലാക്കിയത്.

എന്നാല്‍ ചതിപറ്റിയത് മനസിലാക്കിയ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നു. ഇതിനിടെയാണ് ഇന്‍ഷാദിന്റെ വിവാഹ ഫോട്ടോകള്‍ ഫെയ്‌സ് ബുക്കില്‍ കണ്ടത്. ഇര്‍ഷാദും ഇര്‍ഷാദിന്റെ സുഹൃത്തുക്കളും കല്ല്യാണ ഫോട്ടോ എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടപ്പോള്‍ വീട്ടുകാരുടെ നിര്‍ദ്ദേശാനുസരണമാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നാണ് സൂചന.