എകെ ശശീന്ദ്രനെതിരായ ഫോൺകെണി വിവാദത്തില്‍ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

single-img
21 November 2017

മുൻമന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോൺകെണി വിവാദത്തില്‍ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. ചാനൽ റിപ്പോര്‍ട്ടറായ യുവതിയോട് മന്ത്രിയായിരിക്കെ ശശീന്ദ്രൻ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന സംഭവത്തിലെ ഗൂഢാലോചനയാണ് കമ്മീഷൻ അന്വേഷിച്ചത്.

സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ ഏപ്രിൽ ഒന്നിനാണ് റിട്ട. ജില്ലാ ജഡ്ജി പി എസ് ആന്‍റണിയെ അന്വേഷണത്തിന് നിയോഗിച്ചത്. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കുക, ദുരുദ്ദേശത്തോടെ ആരെല്ലാം പിന്നിൽ പ്രവർത്തിച്ചു എന്നീ കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നത്. പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ സ്വീകരിക്കേണ്ട നിയമനടപടികൾ ശിപാർശ ചെയ്യാനും നിർദേശിച്ചിരുന്നു. മൂന്ന് മാസമായിരുന്ന കമ്മീഷന്‍റെ കാലാവധി പിന്നീട് ആറ് മാസത്തേക്ക് കൂടി നീട്ടി. 20 ഓളം പേരെ വിസ്തരിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുമാണ് കമ്മീഷൻ അന്വേഷണം പൂർത്തിയാക്കിയത്.

ഇന്ന് രാവിലെ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും. കഴിഞ്ഞ മാർച്ച് 26നാണ് ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെതിരെ ആരോപണം ഉയർന്നത്. അഭിമുഖത്തിനായി സമീപിച്ച ചാനൽ റിപ്പോര്‍ട്ടറായ യുവതിയോട് ശശീന്ദ്രന്‍ നടത്തിയ അശ്ലീലച്ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ അന്ന് തന്നെ മന്ത്രി രാജിവെച്ചു.

കയ്യേറ്റ ആരോപണത്തിൽ തോമസ് ചാണ്ടി രാജിവെച്ചതോടെ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താൻ സാധ്യത കൽപ്പിക്കപ്പെട്ട ശശീന്ദ്രന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നിർണ്ണായകമാണ്.