സഹകരണ സംഘങ്ങളില്‍ 295 ഒഴിവുകള്‍: അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 6

single-img
21 November 2017

സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിലവിലുള്ള 295 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 35 സെക്രട്ടറി, 258 ജൂനിയര്‍ ക്ലാര്‍ക്ക്, രണ്ട് ടൈപ്പിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകള്‍. സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് നല്‍കുന്ന ലിസ്റ്റില്‍ നിന്നും സഹകരണ സംഘങ്ങള്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.

1/1/2017 ല്‍ 18 പൂര്‍ത്തിയായ 40 വയസ്സിനു താഴെ പ്രായമായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവും മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടന്‍മാര്‍ക്കും മൂന്നു വര്‍ഷത്തെ ഇളവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെ ഇളവും ലഭിക്കും.

ഏതെങ്കിലും ഒരു സംഘത്തിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന ജില്ലയില്‍ നിന്നുളള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസ്തുത സംഘത്തിലെ ഇന്റര്‍വ്യൂവിന് ലഭിക്കാവുന്ന പരമാവധി 15 മാര്‍ക്കിനു പുറമേ അധിക ആനുകൂല്യമായി 5 മാര്‍ക്ക് കൂടി ലഭിക്കും.
അപേക്ഷാഫോമില്‍ സ്വന്തം ജില്ല വ്യക്തമാക്കേണ്ടതും ഇന്റര്‍വ്യൂ സമയത്ത്, ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്.

ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘങ്ങളിലേക്കും തസ്തികകളിലേക്കും അപേക്ഷിക്കാം. ജനറല്‍, മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് 150 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് ഫീസ് 50 രൂപ മതി. ഒന്നിലധികം സംഘം/ബാങ്കുകളിലെ തസ്തികകളിലേക്ക് അപേക്ഷിക്കുകയാണെങ്കില്‍ 150 രൂപയ്ക്ക് പുറമെ അധികമായി അപേക്ഷിക്കുന്ന ഓരോ തസ്തികയ്ക്കും 50 രൂപ വീതം നല്‍കണം.

ഒന്നില്‍ കൂടുതല്‍ തസ്തിക /സംഘത്തിലേക്ക് അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു അപേക്ഷാഫോമും ഒരു ചെലാന്‍/ഒരു ഡിമാന്‍ഡ് ഡ്രാഫ്റ്റും മതി. അപേക്ഷാ ഫീസ് ഫെഡറല്‍ ബാങ്ക്/ സഹകരണബാങ്ക് ബ്രാഞ്ചുകളില്‍ ചെലാന്‍ വഴി നേരിട്ട് അടയ്ക്കാം.

അല്ലെങ്കില്‍ ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍ നിന്നും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുടെ പേരില്‍ ക്രോസ് ചെയ്ത ഇഠട പ്രകാരം തിരുവനന്തപുരത്തു മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിക്കുകയുള്ളൂ.

അക്കൗണ്ടില്‍ പണമടച്ചതിന്റെ ചെലാന്‍ രസീത്/ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കേണ്ടതും, ആ വിവരം അപേക്ഷയില്‍ പ്രത്യേകം കാണിച്ചിരിക്കേണ്ടതുമാണ്. വിജ്ഞാപന തീയതിക്ക് ശേഷം എടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ പരിഗണിക്കുകയുള്ളൂ.

വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയും അനുബന്ധങ്ങളും ഡിസംബര്‍ ആറിന് വൈകീട്ട് 5 മണിക്കു മുന്‍പായി സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡില്‍ ലഭിക്കണം.

വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് , കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001. ഫോണ്‍ 04712468690, 2468670