‘പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മോദി സര്‍ക്കാര്‍ അട്ടിമറിക്കുന്നു’

single-img
20 November 2017

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ പാര്‍ലമെന്റ് ജനാധിപത്യത്തിനുമേല്‍ കറുത്ത നിഴലാണു മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പാര്‍ലമെന്റ് അടച്ചിടുന്നതിലൂടെ ഭരണഘടനാ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ എന്‍ഡിഎ സര്‍ക്കാരിന് കഴിയില്ലെന്നും സോണിയ മുന്നറിയിപ്പ് നല്‍കി.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാക്കാന്‍ മോദിക്കും സര്‍ക്കാരിനും സാധിച്ചിട്ടില്ല. എന്നാല്‍, തുടര്‍ന്നും ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കികൊണ്ടിരിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.

മോദി സര്‍ക്കാരിന്റെ അഹങ്കാരം ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തില്‍ തന്നെ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടത്താതിരുന്നാല്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കാന്‍ കഴിയുമെന്നത് മോദിയുടെ തെറ്റിധാരണ മാത്രമാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ശീതകാല സമ്മേളനം വൈകുന്നതെന്നും സോണിയ പറഞ്ഞു.

പരമ്പരാഗതമായി ശീതകാല സമ്മേളനം നവംബര്‍ മൂന്നാം ആഴ്ച മുതല്‍ ഡിസംബര്‍ മൂന്നാം ആഴ്ച വരെയാണു നടത്തപ്പെടുന്നത്. എന്നാല്‍ ഇതുവരെ ശീതകാല സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, സമ്മേളനം 10 ദിവസത്തേക്കു ചുരുക്കാനുള്ള നടപടികളാണു സര്‍ക്കാര്‍ എടുക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ രണ്ടാം ആഴ്ച മുതല്‍ സമ്മേളനം ആരംഭിക്കുമെന്നാണു വിവരം.