ലോകസുന്ദരി മാനുഷി ഛില്ലര്‍ വെള്ളിത്തിരയിലേക്ക്: സംവിധായകന്‍ ശങ്കറിന്റെ ചിത്രത്തില്‍ നായികയാവും

single-img
20 November 2017

ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി ഛില്ലര്‍ വെള്ളിത്തിരയിലേക്ക്. പ്രശസ്ത സംവിധായകനായ ശങ്കറാണ് മാനുഷിയെ സിനിമയിലെത്തിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശങ്കറിന്റെ അടുത്ത ചിത്രമായ ഇന്ത്യന്‍ 2വിലേക്കാണ് മാനുഷിയെ പരിഗണിക്കുന്നതെന്നാണ് വിവരം.

ശങ്കറിന്റെ നിര്‍മ്മാണ കമ്പനി ഇത് സംബന്ധിച്ച് മാനുഷി ഛില്ലാറിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. മാനുഷിക്ക് താത്പര്യം ഉണ്ടെങ്കില്‍ അറിയിക്കാനാണ് ശങ്കര്‍ അറിയിച്ചത്. ശങ്കറും കമലും ആദ്യമായി ഒന്നിച്ച ‘ഇന്ത്യന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2.

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ആ സിനിമ വന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

ഇപ്പോള്‍ രജനികാന്തിനെ നായകനാക്കി എന്തിരന്റെ രണ്ടാം ഭാഗമായ ‘2.0’ സംവിധാനം ചെയ്തുവരുന്ന ശങ്കര്‍ ആ സിനിമ പൂര്‍ത്തിയായതിന് ശേഷം പൂര്‍ണമായും ഇന്ത്യന്‍ 2ന്റെ ജോലികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.