ഇന്ത്യയുടെ അത്ഭുത ജയത്തിന് വെളിച്ചക്കുറവ് വില്ലനായി; കൊല്‍ക്കത്ത ടെസ്റ്റ് സമനിലയില്‍

single-img
20 November 2017

അഞ്ചാം ദിനം അവസാന നിമിഷം വരെ ആവേശം നിലനിര്‍ത്തിയ ഇന്ത്യശ്രീലങ്ക ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ചെറുതല്ലാത്ത വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 26.3 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണ് കളിയവസാനിപ്പിച്ചത്.

കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ വിജയം മൂന്ന് വിക്കറ്റ് അകലെയായിരുന്നു. വെളിച്ചക്കുറവ് മൂലമാണ് കളി നേരത്തെ നിര്‍ത്തിയത്. അഞ്ചാം ദിനം ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യ സെഷനില്‍തന്നെ എട്ടിനു 352 റണ്‍സെന്ന നിലയില്‍ കളിയവസാനിപ്പിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കു വച്ചുനീട്ടിയത് 231 റണ്‍സിന്റെ വിജയലക്ഷ്യമാണ്.

എന്നാല്‍ ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നൊന്നായി കൂടാരം കയറി. 75 റണ്‍സ് എടുക്കുന്നതിനിടയില്‍ ലങ്കയുടെ ഏഴ് വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതെടുത്തു. 11 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ലങ്കന്‍ ഇന്നിങ്‌സില്‍ നാശം വിതച്ചത്.

ഭുവനേശ്വറിന്റെ എട്ട് ഓവറുകള്‍ മെയ്ഡനുകളുമായിരുന്നു. മുഹമ്മദ് ഷാമി രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും വരിഞ്ഞുമുറുക്കിയ ലങ്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു ഇന്ത്യ.

രണ്ടാം ഇന്നിഗ്‌സില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത നായകന്‍ വിരാട് കോഹ്ലി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍352 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. 119 പന്തില്‍ 12 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 104 റണ്‍സെടുത്തത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 18ാം സെഞ്ചുറിയാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്രാ ക്രിക്കറ്റില്‍ 50 സെഞ്ചുറിയെന്ന നാഴികകല്ലും ഇന്ത്യന്‍ നായകന്‍ പിന്നിട്ടു. ഏകദിനത്തില്‍ 32 സെഞ്ചുറിയാണ് കോഹ്ലിയുടെ സമ്പാദ്യം.