ദിലീപിനെതിരെ സാക്ഷി പറയാന്‍ മഞ്ജു വാര്യര്‍ വരില്ല

single-img
20 November 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം നാളെ സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ നടി മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്നാണ് സൂചന. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. എന്നാല്‍ അവര്‍ ചില അസൗകര്യങ്ങള്‍ അറിയിച്ചതിനാലാണ് ഒഴിവാക്കുന്നതെന്നാണ് സൂചന.

തുടരന്വേഷണ സാധ്യതകള്‍ നിലനിര്‍ത്തുന്ന കുറ്റപത്രമാകും പോലീസ് കോടതിയില്‍ നല്‍കുക. വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും പോലീസ് കോടതിയോട് ആവശ്യപ്പെട്ടേക്കും. ദിലീപ് ഹാജരാക്കിയ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പുതിയ കേസെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. ദിലീപ് ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും അവിടെ പ്രവേശിപ്പിച്ചിരുന്നില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അതേസമയം ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ഹൈക്കോടതിയെ സമീപിച്ച ദിലീപിന്റെ അപേക്ഷയെ എതിര്‍ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. വിദേശത്തു നിന്ന് ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന വാദമാവും പൊലീസ് കോടതിയിലുയര്‍ത്തുക. ദുബായില്‍ പോകാന്‍ അനുവദിക്കണമെന്നും അതിനായി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ നല്‍കിയത്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ് ദുബായിലേക്കു പോകുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നതിനു മുന്‍പു തീരുമാനിച്ചതാണു ചടങ്ങെന്നു ദിലീപ് കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന.

നേരത്തെ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. എന്നാല്‍, ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക.