തലസ്ഥാനത്ത് സംഘര്‍ഷം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

single-img
19 November 2017

തലസ്ഥാനത്ത് വീണ്ടും ബിജെപി–സിപിഎം സംഘർഷം. രണ്ട് സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ കഴിഞ്ഞ ദിവസം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കരിക്കകത്ത് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിക്കകത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംഘം ക്യാമ്പു ചെയ്യുന്നുണ്ട്.

കോര്‍പ്പറേഷനിലുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്ന ജനറല്‍ ആശുപത്രിയിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അവിടേക്കാണ് വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകരെയും എത്തിച്ചിട്ടുള്ളത്.

അതിനിടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ കല്ലേറുണ്ടായി. ബിജെപിയുടെ പ്രകടനം കടന്നുപോയതിനു പിന്നാലെയായിരുന്നു കല്ലേറുണ്ടായത്. സി.പി.എമ്മിനെതിരെയുള്ള ബി.ജെ.പി ആക്രമണം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.

ബി.ജ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പൊലീസിനെതിരെയും മന്ത്രി രൂക്ഷവിമർശനം ഉന്നിയിച്ചു. മേയറെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തത് കൊണ്ടാണ് ബി.ജെ.പിക്കാർ സി.പി.എം ഓഫീസ് ആക്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു