എ.കെ. ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായേക്കും?

single-img
19 November 2017

അശ്ലീല ഫോണ്‍സംഭാഷണ വിവാദത്തെ തുടര്‍ന്ന് ഗതാഗതമന്ത്രിസ്ഥാനം രാജിവെച്ച എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കം എന്‍.സി.പി. ആരംഭിച്ചതായി മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മംഗളം ടെലിവിഷന്റെ ലോഞ്ചിംഗ് ദിനത്തിലാണ് ശശീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകയുമായി നടത്തിയ അശ്ലീല ഫോണ്‍സംഭാഷണം പുറത്തുവരുന്നത്. ഈ വിവാദമാണ് എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്. പിന്നീട് മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ കേസ് എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു

ഇതിനിടയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ നിന്ന് പരാതിക്കാരി പിന്‍വലിക്കുകയും ചെയ്തു. അതേസമയം
വിവാദം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ആന്റണി കമ്മീഷന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമാകുമെന്നാണ് എന്‍സിപി നേതൃത്വം പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കാനാണ് എന്‍സിപി തീരുമാനം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പീതാംബരന്‍ മാസ്റ്റര്‍ നാളെ ഡല്‍ഹിയിലെത്തി ശരത്പവാറുമായി കൂടിക്കാഴ്ച നടത്തും. ആര് ആദ്യം കുറ്റവിമുക്തനാകുന്നോ അവര്‍ മന്ത്രിയാകും എന്നായിരുന്നു തോമസ് ചാണ്ടി രാജിവെച്ചപ്പോള്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി തങ്ങള്‍ക്ക് ഇക്കാര്യം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐയുടെ നിലപാട് ശരിയായില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍ ആവര്‍ത്തിച്ചു.