വീണ്ടും ‘കുമ്മനടി’ക്കാന്‍ ശ്രമം: ലോകസുന്ദരിപ്പട്ടം പ്രഖ്യാപിക്കുമ്പോള്‍ സദസില്‍ നിന്നും ‘മോദിയ്ക്ക് ജയ് വിളിക്കുന്ന വീഡിയോയുമായി മോദിഭക്തര്‍: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

single-img
19 November 2017

മാനുഷി ചില്ലര്‍ ലോകസുന്ദരിയായത് മോദിസര്‍ക്കാരിന്റെ മിടുക്കുകൊണ്ടാണെന്ന അവകാശവാദവുമായി ഹരിയാനമന്ത്രി. മാനുഷി ചില്ലര്‍ ലോകസുന്ദരിയായത് സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പയ്‌നെ തുടര്‍ന്നാണെന്നായിരുന്നു വനിതാ ശിശുക്ഷേമമന്ത്രി കവിത ജയ്ന്‍ പറഞ്ഞത്.

2017 ലെ ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ച മാനുഷി ചില്ലറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസും ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും പ്രിയങ്ക ചോപ്രയും രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഇതിനുപിന്നാലെ, മോദിയെ പോലെ ശക്തനായ ഒരു പ്രധാനമന്ത്രി ഇവിടെ ഉള്ളതുകൊണ്ട് മാത്രമാണ് മാനുഷിക്ക് ഈ നേട്ടം കൈവരിക്കാനായത് എന്നുവരെ ചില സംഘപരിവാര്‍ നേതാക്കള്‍ പറഞ്ഞു. ഇതിനിടയിലാണ് മുബൈയിലെ കൊമേഡിയനായ ജോസ് കൊവാകോ ഒരു വീഡിയോ പുറത്തുവിടുന്നത്.

വേദിയില്‍ ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ സദസില്‍ നിന്നും മോദി മോദി എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്നതായിരുന്നു വീഡിയോ. എന്നാല്‍ ഇത് യഥാര്‍ത്ഥ വീഡിയോ ആണെന്ന് പറഞ്ഞ് മോദിഭക്തന്‍മാര്‍ വ്യാപകമായ രീതിയില്‍ ഇത് ഷെയര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ മോദിഭക്തന്‍മാരുടെ വ്യാജവീഡിയോ എഡിറ്റിങ്ങിനെ പൊളിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഇതോടെ വീഡിയോ ഷെയര്‍ ചെയ്ത നേതാക്കള്‍ ആകെ നാണക്കേടിലായി.

https://www.youtube.com/watch?v=g9mR4KsHd6Q

അതേസമയം 17 വര്‍ഷത്തിനുശേഷമാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. 2017ലെ ഫെമിന മിസ് ഇന്ത്യയാണു സോണിപത് ഭഗത്ഫൂല്‍ സിംഗ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനുഷി. ചൈനയിലെ സന്യ സിറ്റി അരീനയില്‍ നടന്ന മത്സരത്തില്‍ 108 സുന്ദരികളെ പിന്തള്ളിയാണ് മാനുഷി അതിസുന്ദരിയാണെന്നു തെളിയിച്ചത്.

ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്ന ആറാമത് ഇന്ത്യന്‍ വനിതയാണ് മാനുഷി ചില്ലര്‍. ഇതോടെ ഏറ്റവുമധികം തവണ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രണ്ടാമത് രാജ്യമെന്ന നേട്ടം ഇന്ത്യ വെനസ്വേലയുമായി പങ്കുവയ്ക്കുന്നു. റീത്ത ഫാരിയ(1966), ഐശ്വര്യ റായി(1994), ഡയാന ഹെയ്ഡന്‍(1997), യുക്ത മുഖി(1999), പ്രിയങ്ക ചോപ്ര(2000) എന്നിവരാണ് ഇതിനു മുന്പ് ഇന്ത്യയില്‍നിന്നു നേട്ടം കരസ്ഥമാക്കിയ സുന്ദരിമാര്‍.