കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകള്‍ മുടങ്ങി; യാത്രക്കാര്‍ വലഞ്ഞു: ജോലിക്കെത്താത്ത ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യും

single-img
19 November 2017

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മെല്ലെപ്പോക്ക് സമരം മൂലം ദീര്‍ഘദൂര സര്‍വ്വീസുകള്‍ പലതും മുടങ്ങി. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെയാണ് ജീവനക്കാര്‍ ഒരു മുന്നറിയിപ്പു പോലുമില്ലാതെ മെല്ലപ്പോക്ക് സമരത്തിലേയ്ക്ക് നീങ്ങിയത്.

ഇതോടെ ദീര്‍ഘദൂര യാത്രയ്ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്ത് പുലര്‍ച്ചെ എത്തിയ യാത്രക്കാര്‍ വലഞ്ഞു. പുലര്‍ച്ചെ നാലു മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം -കോയമ്പത്തൂര്‍ സ്‌കാനിയ സര്‍വീസ്, തിരുവനന്തപുരം-പാലക്കാട് വോള്‍വോ എന്നീ സര്‍വീസുകള്‍ മുടങ്ങി.

എസി ബസിന് മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ ഇതോടെ സാധാരണ ബസുകളില്‍ പോകേണ്ടി വന്നു. മറ്റ് സര്‍വ്വീസുകള്‍ മണിക്കൂറുകളോളം വൈകിയാണ് ആരംഭിച്ചത്. ഒരു മാസം മുമ്പും ഇത്തരത്തില്‍ ജീവനക്കാര്‍ ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ മിന്നല്‍ സമരം നടത്തിയിരുന്നു.

അതേസമയം ജീവനക്കാരുടെ സമരത്തിനെതിരെ കെഎസ്ആര്‍ടിസി എംഡി രംഗത്ത് വന്നു. ജോലിക്കെത്താത്ത ജീവനക്കാരെ സസ്‌പെന്‍ ചെയ്യുമെന്ന് എംഡി അറിയിച്ചു.