നടന്‍ ദിലീപ് എട്ടാം പ്രതി; കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും

single-img
19 November 2017

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. നടന്‍ ദിലീപ് എട്ടാം പ്രതിയാകും. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പടെ 11 പ്രതികള്‍ ഉണ്ടാകും. ഗൂഡാലോചനയില്‍ ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും പേരുകള്‍ മാത്രമാണ് ഉള്ളത്.

മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറിയന്‍പതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കും. ‘ദേ പുട്ട്’ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന ദിലീപിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കുന്നതിനും പൊലീസ് തീരുമാനമായിട്ടുണ്ട്.

ഫെബ്രുവരി 17ന് രാത്രിയാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന യുവ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗ സംഘം നെടുമ്പാശ്ശേരിക്കടുത്ത് വെച്ച് കാറില്‍ കയറി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്.

ആറു ദിവസത്തിനകം കൃത്യത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മൂന്നുമാസത്തിനുള്ളില്‍ കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ദിലീപിന്റെ പങ്ക് വ്യക്തമായത്.