അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ പ്രണവും; സാഹസിക രംഗങ്ങള്‍ ചെയ്തത് ഡ്യൂപ്പില്ലാതെ

single-img
17 November 2017

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന അരങ്ങേറ്റ ചിത്രമായ ‘ആദി’ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം. സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിനിടയില്‍ പ്രണവിന് കൈക്ക് പരിക്കേറ്റതും വാര്‍ത്തയായിരുന്നു. ഗ്ലാസ് തകര്‍ക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം.

തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ആദിയുടെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍. ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കര്‍ പരിശീലനം നേടിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് സാഹസിക രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ആക്ഷന്‍ രംഗങ്ങളോട് ഏറെ ഇഷ്ടമുള്ളയാളാണ് മോഹന്‍ലാല്‍. ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് പലപ്പോഴും ഇത്തരം രംഗങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കാറുള്ളത്. അതേ രീതി തന്നെയാണ് പ്രണവും സ്വീകരിച്ചിരിക്കുന്നത്. ആദിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് ഫ്രാന്‍സില്‍ നിന്നെത്തിയ സംഘട്ടന സംവിധായകരാണ്. തലേ ദിവസം റിഹേഴ്‌സല്‍ നടത്തിയതിന് ശേഷം പിറ്റേന്ന് ചിത്രീകരിക്കുന്ന രീതിയായിരുന്നു ഫ്രഞ്ച് സംഘം പിന്തുടര്‍ന്നിരുന്നത്.

ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് പ്രണവ് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ അഞ്ച് തവണ റിഹേഴ്‌സല്‍ നടത്തിയിട്ടും പ്രണവിന് ചെയ്യാന്‍ കഴിഞ്ഞില്ല. പ്രണവിന്റെ ചാട്ടം ശിയാവാതെ വന്നപ്പോള്‍ ഈ രംഗം ഡ്യൂപ്പിനെ ഉപയോഗിച്ച് ചെയ്യിക്കാമെന്നായിരുന്നു സംവിധായകന്‍ നിര്‍ദേശിച്ചത്.

എന്നാല്‍ അത് പ്രണവിന് സ്വീകാര്യമായിരുന്നില്ല. എന്ന് മാത്രമല്ല താന്‍ തന്നെ ഈ രംഗം ചെയ്യുമെന്ന് പറയുകയും അടുത്ത ടേക്കില്‍ പ്രണവ് അത് വിജയകരമായി പൂര്‍ത്തിയാക്കുകയുമായിരുന്നു. ഇതോടെ അച്ഛന്റെ മകന്‍ തന്നെ എന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ പ്രതികരണം.

പ്രണവ് രചിച്ച ഇംഗ്ലീഷ് ഗാനമാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത. പാര്‍ട്ടി രംഗത്തിനിടയിലെ ഈ ഗാനത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞപ്പോഴാണ് പ്രണവ് താന്‍ എഴുതി ആലപിക്കാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജനുവരി 26നാണ് ആദി തീയറ്ററുകളിലെത്തുക. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നരസിംഹം ഇതേ ദിവസമായിരുന്നു റിലീസ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണവ് നായകനായെത്തുന്ന ആദ്യ സിനിമ റിലീസ് ചെയ്യുന്നതും ഇതേ ദിനത്തിലാണ്. ഏറെ പ്രതീക്ഷയോടെയാണ് പ്രണവ് ചിത്രം കാണാന്‍ മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്നത്.