‘മാറി നില്‍ക്ക്’: മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

single-img
17 November 2017

മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം–സിപിഐ തര്‍ക്കത്തെക്കുറിച്ച് പ്രതികരണം തേടിയപ്പോഴാണ് ‘മാറി നില്‍ക്ക്’ എന്നു പറഞ്ഞ് മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചത്. ഇതിനുപിന്നാലെ പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയെല്ലാം അവിടെനിന്ന് പൊലീസ് പിടിച്ചുപുറത്താക്കി.

പിന്നീട് പൊലീസുകാരോട് ദേഷ്യത്തില്‍ സംസാരിച്ച് ഏതാനും നിമിഷം തിരിഞ്ഞുനിന്ന ശേഷമാണ് മുഖ്യമന്ത്രി സമ്മേളന ഹാളിലേക്കു കയറിയത്. കൊച്ചിയിലെ പാര്‍ട്ടി ഓഫിസില്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയതായിരുന്നു പിണറായി. മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന സാഹചര്യത്തില്‍, കൊച്ചിയില്‍ മാധ്യമങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊലീസിന്റെയും വലിയ നിരയുണ്ടായിരുന്നു.

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഎം, സിപിഐ തര്‍ക്കം, കഴിഞ്ഞദിവസം നേതൃത്വങ്ങളുടെ പരസ്യ പ്രതികരണങ്ങളിലൂടെ മുറുകിയിരുന്നു. ഇതിനൊപ്പം ഇരുപാര്‍ട്ടികളും മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയും ആരോപണ പ്രത്യാരോപണങ്ങളും ന്യായീകരണവുമായി നിലയിറുപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങള്‍ സമീപിച്ചത്.