മൂന്നാറില്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഐയുടെ നോട്ടീസ്

single-img
17 November 2017

മൂന്നാര്‍: സിപിഎം നേതൃത്വത്തിലുള്ള മൂന്നാര്‍ സംരക്ഷണ സമിതിയുടെ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഐ. സിപിഎമ്മിനെതിരെ നോട്ടീസിറക്കിയാണ് സിപിഐ തുറന്ന പ്രതിഷേധത്തിനൊരുങ്ങുന്നത്. സിപിഎമ്മിനെ പേരെടുത്ത് വിമര്‍ശിച്ചാണ് സിപിഐ മണ്ഡലം സെക്രട്ടറി പി.പളനിവേലിന്റെ പേരിലുള്ള നോട്ടീസ്.

റവന്യൂ വകുപ്പിനെതിരെ മൂന്നാര്‍ പ്രദേശത്ത് 10 പഞ്ചായത്തുകളിലാണ് ചൊവ്വാഴ്ച്ച മൂന്നാര്‍ സംരക്ഷണസമിതിയും സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നുത്. എന്നാല്‍ ഈ ഹര്‍ത്താല്‍ ആരെ സംരക്ഷിക്കാനാണെന്ന് സിപിഐ നോട്ടീസില്‍ ചോദിക്കുന്നു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വന്തമായി ഭൂമി ഇല്ലാത്ത പാവപ്പെട്ടവര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും നല്‍കാന്‍ വേണ്ടി വട്ടവട, കൊട്ടക്കൊമ്പൂര്‍ കീഴാന്തൂര്‍, കാന്തല്ലൂര്‍ എന്നീ വില്ലേജുകളില്‍ റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തിരുന്നു.
ഇവയില്‍ പലതും കയ്യേറ്റലോബിയുടെ കൈവശമാണുള്ളത്.

അവരും അതിന് കൂട്ടുനില്‍ക്കുന്ന ചില രാഷ്ട്രീയനേതാക്കളും ചേര്‍ന്ന് എല്‍ഡിഎഫിന്റെ പട്ടയമേളയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. പൊതുജനത്തിന് യാതൊരുവിധത്തിലുളള പ്രയോജനവും ചെയ്യുന്നതല്ല ഈ ഹര്‍ത്താലെന്ന് മനസ്സിലാക്കിയതിനാല്‍ അതില്‍ പങ്കെടുക്കാനില്ലെന്നും സിപിഐ നോട്ടീസിലൂടെ വ്യക്തമാക്കി.