ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ക്ക് ഗള്‍ഫില്‍ നിന്നു സാമ്പത്തിക സഹായം: ഒരാള്‍ക്ക് 400 ഡോളര്‍ വീതം നല്‍കിയെന്ന് കണ്ടെത്തല്‍

single-img
17 November 2017

തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്നു പോയവര്‍ക്കു ള്‍ഫ് രാജ്യങ്ങള്‍ വഴി പണം ലഭിക്കുന്നുണ്ടെന്ന് പോലീസ്. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയായ തസ്ലീം എന്നയാള്‍ വഴിയാണ് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് പണമെത്തിച്ചു കൊടുത്തതെന്ന് പോലീസ് പറഞ്ഞു.

സിറിയയിലേക്ക് പോയവര്‍ക്കും പോവാന്‍ ശ്രമിച്ചവര്‍ക്കുമെല്ലാം ഒരാള്‍ക്കു 400 ഡോളര്‍ വീതം തസ്ലീം നല്‍കിയിട്ടുണ്ടെന്നും ഐഎസ് കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘം തലവന്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്‍ വ്യക്തമാക്കി. ഐസിസില്‍ ചേരുന്നതിനായി പോയെന്ന് പോലീസ് പറയുന്ന മിഥിലാജ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തസ്ലീമിന്റെ വിദേശത്തുള്ള അക്കൗണ്ടില്‍ നിന്നു 40,000 രൂപ എത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

കൂടാതെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ചക്കരക്കല്‍ സ്വദേശിയായ ഷാജഹാന്‍ ഐഎസില്‍ ചേര്‍ന്നവര്‍ക്കു വേണ്ടി ഒരു ലക്ഷം രൂപ ഹവാലപ്പണം കടത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി. സംഘാംഗങ്ങള്‍ക്കു സിറിയയിലേക്കു പോകുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ണൂര്‍ നഗരത്തിലെ ചില ഇന്റര്‍നെറ്റ് കഫേകളിലെ ഇമെയില്‍ വഴിയാണ് അയച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഐഎസ് അനുകൂല ആഹ്വാനം നല്‍കുന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ളയുടെ പേരിലുള്ള ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. അതേസമയം ക്ലിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നു ഡിവൈഎസ്പി സദാനന്ദന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിനു കൂടുതല്‍ വിവരം ലഭിച്ചത്. പ്രതികള്‍ക്കെതിരെ ഐഎസ് ബന്ധം വെളിപ്പെടുത്തുന്ന നാനൂറോളം തെളിവുകളും അറുന്നൂറോളം ശബ്ദരേഖകളും ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.