ഫണ്ടിന്റെ കാര്യത്തില്‍ കെഇ ഇസ്മയില്‍ പറഞ്ഞതാണ് ശരിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍; അങ്ങനെ ഉറപ്പിച്ച് പറയാനാവില്ലെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും മുല്ലക്കര രത്‌നാകരന്‍: സിപിഐയില്‍ വിവാദം പുകയുന്നു

single-img
17 November 2017

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് മുന്‍ എംപി കെഇ ഇസ്മയിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാക്കളായ പന്ന്യന്‍ രവീന്ദ്രനും മുല്ലക്കര രത്‌നാകരനും രംഗത്ത്.

വിഷയത്തില്‍ കെഇ ഇസ്മയില്‍ പറഞ്ഞതാണ് ശരിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ‘ഇ വാര്‍ത്ത’യോട് പറഞ്ഞു. ‘രാജ്യസഭാ എംപിമാരുടെ ഫണ്ട് കേരളത്തിലെ എല്ലാ സ്ഥലത്തും വിനിയോഗിക്കാം. ആ ഫണ്ടിന് ഒരുപാട് അപേക്ഷകള്‍ വരും. അക്കൂട്ടത്തില്‍ വന്ന അപേക്ഷയായിരുന്നു ഇത്.

പാര്‍ട്ടി കമ്മിറ്റിയാണ് ആര്‍ക്കാണ് ഫണ്ട് കൊടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടി സെക്രട്ടറി ചന്ദ്രപ്പന്‍ അറിഞ്ഞു കൊണ്ടാണ് ഫണ്ട് കൊടുത്തത്. പാര്‍ട്ടിയില്‍ ഈ വിഷയത്തില്‍ രണ്ടഭിപ്രായം ഇല്ല. ഇസ്മയില്‍ പറഞ്ഞതു തന്നെയാണ് ശരി’, പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ അഭിപ്രായങ്ങളെയും പന്ന്യന്‍ രവീന്ദ്രന്‍ തള്ളിക്കളഞ്ഞു. ഈ ഒരു വിഷയത്തെ കുറിച്ച് പ്രാകാശ് ബാബുവിന് കൃത്യമായി അറിയില്ല. ഈ സംഭവം നടക്കുമ്പോള്‍ പ്രകാശ് ബാബു കൊല്ലം ജില്ലാ സെക്രട്ടറി ആയിരുന്നുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഫണ്ട് അനുവദിച്ചത് എന്ന് വിശ്വസിക്കാനാവില്ലെന്നും അതേക്കുറിച്ച് വ്യക്തത വരുത്താന്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി ജീവിച്ചിരിപ്പില്ലല്ലോയെന്നുമായിരുന്നു സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ പ്രസ്താവന.

അതേസമയം ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ അറിവോടെയാണോ ഫണ്ട് ചെലവഴിച്ചത് എന്ന കാര്യം പാര്‍ട്ടി പരിശോധിക്കേണ്ടതാണെന്ന് മുല്ലക്കര രത്‌നാകരന്‍ ‘ഇ വാര്‍ത്ത’യോട് പറഞ്ഞു. ”ശുപാര്‍ശ എന്തായാലും കാണും. അല്ലാതെ ഒരു എംപി സ്വന്തമായി ഫണ്ട് ആര്‍ക്കും നല്‍കാറില്ല.

ഫണ്ട് നല്‍കുന്നതിന് ഒരു സബ്കമ്മിറ്റി സംവിധാനമുണ്ട്. ആ സംവിധാനത്തില്‍ പാര്‍ട്ടി സെക്രട്ടറി വരണമൊന്നുമില്ല. ചില ശുപാര്‍ശകളില്‍ എംപിക്ക് തന്നെ ഫണ്ട് അനുവദിക്കാം. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ എങ്ങനെയാണ് ഫണ്ട് നല്‍കിയത് എന്ന് പരിശോധിച്ച ശേഷമെ പറയാന്‍ പറ്റൂ”. 22 ആം തീയതി ചേരുന്ന യോഗത്തില്‍ ഇക്കാര്യം എന്തായാലും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, തോമസ് ചാണ്ടിയുടെ രാജിവിവാദം സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കെ മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മയിലിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചത് ഇസ്മയില്‍ എംപി ആയിരുന്ന കാലത്തായിരുന്നു. ഇത് ചില സിപിഐ നേതാക്കള്‍ ചോരിപ്പോരിന്റെ ഭാഗമായി കുത്തിപൊക്കി കൊണ്ടുവരികയായിരുന്നു. ഇതുമറയാക്കി ഇസ്മായിലിനെ കരിവാരിതേക്കാനായിരുന്നു ശ്രമം.

ഇതോടെ പ്രതിരോധത്തിനായി കെ.ഇ.ഇസ്മയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ആലപ്പുഴയില്‍ വലിയകുളം സീറോ ജെട്ടി റോഡിന് താന്‍ എം പി ഫണ്ട് അനുവദിച്ചത് സിപിഐയുടെ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണെന്ന് കെ ഇ ഇസ്മയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എം പി ഫണ്ട് അനുവദിക്കാറുള്ളത് പാര്‍ടി പറയുന്നതനുസരിച്ചാണെന്ന് വ്യക്തമാക്കിയ ഇസ്മയില്‍ താന്‍ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ പോയിട്ടില്ലെന്നും പറയുന്നു. റോഡിന് വേണ്ടി ശുപാര്‍ശ ചെയ്ത സിപിഐ ലോക്കല്‍ സെക്രട്ടറി മുതല്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗത്തിന്റെ പേരുകള്‍ വരെ പരാമര്‍ശിച്ചാണ് ഇസ്മയില്‍ കുറിപ്പിട്ടിട്ടുള്ളത്.

ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ പാര്‍ട്ടിക്കുള്ളിലെ മുറുമുറുപ്പ് ഒന്നുകൂടി ശക്തമായി. പാര്‍ട്ടിക്ക് ഇപ്പോഴുണ്ടായ മൈലേജ് കളയാന്‍ ഇസ്മായില്‍ കരുതിക്കൂട്ടി ഇറങ്ങിയിരിക്കുകയാണെന്ന് എതിര്‍പക്ഷം ആരോപിച്ചു.

ഇതിനിടെയാണ് തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നു കെഇ ഇസ്മയില്‍ ഇന്നു വ്യക്തമാക്കിയത്. ‘തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല. പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് സിപിഐയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യും. തന്നോടു പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ലെന്നും’ ഇസ്മയില്‍ തുറന്നടിച്ചു. ഇതോടെ പാര്‍ട്ടിക്കുള്ളിലെ വിവാദത്തിനു ആക്കംകൂടിയിരിക്കുകയാണ്.

അതേസമയം കെ.ഇ.ഇസ്മയിലിന്റെ വാക്കുകളെ തള്ളി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്ത് എത്തി. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഫണ്ട് അനുവദിച്ചത് എന്ന് വിശ്വസിക്കാനാവില്ലെന്നും അതേക്കുറിച്ച് വ്യക്തത വരുത്താന്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി ജീവിച്ചിരിപ്പില്ലല്ലോയെന്നും പ്രകാശ് ബാബു പറഞ്ഞു.

പാര്‍ട്ടി മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്ത് നടക്കുന്ന വിഷയങ്ങളില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടി വരുമ്പോള്‍ അതെല്ലാം ദേശീയ നേതൃത്വവുമായോ ദേശീയ എക്‌സിക്യൂട്ടീവുമായോ ആലോചിക്കാനാവില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

മന്ത്രിസഭായോഗത്തില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ‘ജനയുഗ’ത്തില്‍ എഴുതിയ മുഖപ്രസംഗത്തിന് അതേമാര്‍ഗ്ഗത്തില്‍ സിപിഎം മുഖപത്രം ‘ദേശാഭിമാനി’ മറുപടി നല്‍കിയിരുന്നു.

അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് നിര്‍ബന്ധിതമാക്കിയതെന്ന കാനത്തിന്റെ വിശദീകരണത്തിന്റെ മുനയൊടിക്കാനാണ് ദേശാഭിമാനി ശ്രമിച്ചത്. അതോടൊപ്പം തോമസ് ചാണ്ടിയെ ന്യായീകരിക്കാനും പത്രം ശ്രമിച്ചു. ഇതിന്റെ തുടര്‍ച്ചയായാണു സിപിഐയ്ക്കുള്ളിലെ അഭിപ്രായ വ്യത്യാസം ഇസ്മയില്‍ പരസ്യമാക്കിയത്.