കാസര്‍കോട് വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകം: പ്രതി 20കാരന്‍

single-img
17 November 2017

കാസര്‍കോട് ഇരിയ പൊടുവടുക്കത്ത് വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് വേങ്ങയില്‍ അമ്പൂട്ടി നായരുടെ ഭാര്യ ലീലയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.

20കാരനായ ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ നാല് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ ഒരാളാണ് കൊല നടത്തിയത്. സംഭവത്തിന് മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോലിക്ക് ചേര്‍ന്നതെന്നും പൊലീസ് പറഞ്ഞു. അതേസമയം, പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയ്യാറായില്ല.

ബുധനാഴ്ച വൈകീട്ടാണ് വേങ്ങയില്‍ അമ്പൂട്ടി നായരുടെ ഭാര്യ ലീലയുടെ മൃതദേഹം വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ മകന്‍ പ്രജിത്താണ് ലീലയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ കഴുത്തിലെ മുറിപ്പാട് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു.

ഇതോടൊപ്പം താലിമാല ഇല്ലാതിരുന്നതും ലീലയുടെ മരണം സംബന്ധിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാണാതായ സ്വര്‍ണമാല വീടിന് സമീപത്തെ കമുകിന്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തി. ഇതോടെ വീടുപണിക്കെത്തിയ ഇതര സംസ്ഥാനക്കാരിലേയ്ക്ക് സംശയത്തിന്റെ മുനനീണ്ടു.

ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ വിലയിരുത്തല്‍. ബലപ്രയോഗത്തിന്റെ കാര്യമായ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നതും, നഷ്ടപ്പെട്ടമാലയുടെ കൊളുത്ത് ഊരിയെടുത്ത നിലയിലായിരുന്നതും ഈ നിഗമനത്തിന് ബലം നല്‍കി.

ബലപ്രയോഗത്തിലൂടെ മാല കൈക്കലാക്കിയിരുന്നുവെങ്കില്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നായിരുന്നു പൊലീസ് വാദം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.കഴുത്ത് ഞെരിച്ചാണ് ലീലയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു.