ഡൊണാള്‍ഡ് ട്രംപിന് വധശിക്ഷ നല്‍കണമെന്ന് കൊറിയന്‍ മാധ്യമം

single-img
16 November 2017

സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര കൊറിയന്‍ മാധ്യമം. യുഎസ് പ്രസിഡന്റിനെ ഒളിച്ചിരിക്കുന്ന ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച കൊറിയന്‍ ഔദ്യോഗിക മാധ്യമം തങ്ങളുടെ ഏകാധിപതിയെ കുള്ളനായ തടിയന്‍ എന്ന് പരിഹസിച്ചതിന് ട്രംപിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ട്രംപിന്റെ ഏഷ്യന്‍ പര്യടനം അവസാനഘട്ടത്തോട് അടുക്കുമ്പോഴാണ് ശക്തമായ വിമര്‍ശനവുമായി കൊറിയ രംഗത്തെത്തിയത്.

ട്രംപ് ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചത്. ചില ഏകാധിപതികള്‍ ആണവ പരീക്ഷണങ്ങള്‍ നടത്തിയ മറ്റു ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുന്നുവെന്ന് ട്രംപ് ഉത്തരകൊറിയയുടെ പേരെടുത്തു പറയാതെ തുറന്നടിച്ചിരുന്നു. ഇത്തരത്തിലുള്ള ട്രംപിന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചിരിക്കുന്നത്.

ഉത്തരകൊറിയുടെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങളെ ഒറ്റ ചേരിയില്‍ കൊണ്ടു വരാന്‍ വേണ്ടിയായിരുന്നു ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനം. ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ഇതിന്റെ ഭാഗമായി സന്ദര്‍ശനം നടത്തിയത്. ഉത്തരകൊറിയയ്‌ക്കെതിരേയും നേതാവ് ഉന്നിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ഉന്നയിച്ചത്.

ദക്ഷിണ കൊറിയയില്‍ നിന്നും വിരുദ്ധമായി ഉത്തരകൊറിയ കൊടിയ ഏകാധിപത്യത്തിന് കീഴിലാണെന്നായിരുന്നു വിമര്‍ശനം. വടക്കന്‍ കൊറിയയുടെ അണുവായുധ ചോദനയെയും രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരകൊറിയയുടെ പരമാധികാരത്തെ നിസ്സാരവല്‍ക്കരിച്ച് ആക്ഷേപിച്ച ട്രംപ് രാജ്യത്തെ ഏറ്റവും ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും ഒരിക്കലും ക്ഷമിക്കരുതെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

കൊറിയന്‍ ജനങ്ങള്‍ വധശിക്ഷയ്ക്ക് വിധിച്ച ഒളിവിലിരിക്കുന്ന ക്രിമിനലാണ് ട്രംപ് എന്നായിരുന്നു പത്രം വിശേഷിപ്പിച്ചത്. അധികാരത്തില്‍ കയറിയത് മുതല്‍ ട്രംപും ഉന്നും തമ്മില്‍ വാക്‌പോരും തുടങ്ങിയിരുന്നു. നേരത്തേ ഏഷ്യന്‍ ടൂറിനിടയില്‍ ഹാനോയ്‌യില്‍ നിന്നും നടത്തിയ ട്വീറ്റില്‍ കിമ്മിനെ രൂക്ഷമായി പരിഹസിച്ചിരുന്നു. തന്നെ കിം ‘വയസന്‍’ എന്ന് വിളിച്ചാക്ഷേപിച്ചാലും താന്‍ അയാളെ ‘കുള്ളനായ തടിയന്‍’ എന്ന് ഒരിക്കലും വിളിക്കില്ലെന്നായിരുന്നു ട്രംപിന്റെ പരിഹാസം.

രണ്ടു കൊറിയകളും തമ്മിലുള്ള അതിര്‍ത്തി സന്ദര്‍ശിക്കാനുള്ള ട്രംപിന്റെ നീക്കം അവസാന നിമിഷം ഒഴിവാക്കപ്പെട്ടിരുന്നു. സ്ഥലത്തേക്ക് ട്രംപുമായുള്ള ഹെലികോപ്റ്റര്‍ പറന്നങ്കിലും കാലാവസ്ഥ മോശമായതിനാല്‍ തിരിച്ചു പോരുകയായയിരുന്നു. ഇതിനെ ട്രംപ് തങ്ങളുടെ സൈന്യത്തെ പേടിച്ച് ഓടിയതാണെന്നായിരുന്നു കൊറിയ വിമര്‍ശിച്ചത്.