രാജപുരത്ത് വീട്ടമ്മ കുളിമുറിയില്‍ മരിച്ചനിലയില്‍; അഞ്ച് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

single-img
16 November 2017


രാജപുരം: ഇരിയ പൊടവടുക്കത്ത് വീടിനോടുചേര്‍ന്ന കുളിമുറിയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങയില്‍ അമ്പൂട്ടി നായരുടെ ഭാര്യ ലീലയെ (56) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സ്‌കൂളില്‍ നിന്നെത്തിയ മകന്‍ പ്രജിത്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലീലയെ കുളിമുറിയില്‍ വീണു കിടക്കുന്നതായി കണ്ടത്. ഉടനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ അമ്മയുടെ കഴുത്തില്‍ സ്വര്‍ണമാല കാണാത്തതിനാല്‍ പ്രജിത്തിന് സംശയം തോന്നി. വീട്ടിലെത്തി മാല അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് വീടിന് പിറകില്‍ നിന്നാണ് മാല ലഭിച്ചത്. ഇതോടെ മറുനാടന്‍ തൊഴിലാളികളെ സംശയമുള്ളതായി പ്രജിത്ത് ബന്ധുക്കളെ അറിയിച്ചു. ഇക്കാര്യം ഡോക്ടര്‍മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയതോടെ വിശദപരിശോധന നടത്തി. കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയും മരണത്തില്‍ ഡോക്ടര്‍മാര്‍ക്കും സംശയമുയരുകയും ചെയ്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അതേസമയം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതോടെ നാട്ടുകാര്‍ ലീലയുടെ വീടിന്റെ തേപ്പുജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മഹാരാഷ്ട്ര സ്വദേശികളെ തടഞ്ഞുവച്ചു. തുടര്‍ന്ന് അമ്പലത്തറ പോലീസെത്തി അഞ്ചുപേരടങ്ങുന്ന സംഘത്തെ കസ്റ്റഡിലെടുത്തു. കവര്‍ച്ചാ ശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം.