രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ഉയര്‍ന്നതായി യുഎസ് സര്‍വേ: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ടാമത്തെ പ്രമുഖനായി മാറി

single-img
16 November 2017

അമേരിക്കയിലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വേയിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി ഉയര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം ആളുകള്‍ രാഹുലിന് പിന്തുണ പ്രഖ്യാപിച്ചു. 2017 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 10 വരെയായിരുന്നു സര്‍വേ നടത്തിയത്.

അതേസമയം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും സര്‍വ്വേ പറയുന്നു. മോദി പ്രഭാവം മങ്ങിയില്ല എന്നതാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 88 ശതമാനം ആളുകളും മോദിയാണ് പ്രമുഖ നേതാവെന്ന് പറയുന്നു.

പപ്പു എന്ന് ബിജെപി നേതാക്കള്‍ കളിയാക്കിയിരുന്ന രാഹുലിന്റെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വളര്‍ച്ച തെളിയിക്കുന്നതാണ് സര്‍വേഎന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൂന്നാം സ്ഥാനത്തും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നാലാം സ്ഥാനത്തുമാണ്. 57, 39 എന്നിങ്ങനെയാണ് ഇരുവര്‍ക്കും ലഭിച്ച ശതമാന കണക്ക്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ ജനങ്ങള്‍ സംതൃപ്തരാണെന്ന് പത്തില്‍ എട്ടുപേരും അഭിപ്രായപ്പെടുന്നു. നോട്ട് അസാധുവാക്കല്‍ പ്രധാന പ്രശ്‌നമായി കണക്കാക്കുന്നത് പകുതിയില്‍ താഴെപ്പേരാണെന്നും സര്‍വേ കണ്ടെത്തിയിട്ടുണ്ട്. 2014ലെ തിരഞ്ഞെടുപ്പിനുശേഷം സമ്പദ് വ്യവസ്ഥ മികച്ച രീതിയില്‍ പോകുന്നുവെന്ന് 19 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.