‘പത്മാവതി’യുടെ റിലീസിങ് ദിനത്തില്‍ ഭാരത് ബന്ദ് നടത്താന്‍ സംഘപരിവാര്‍ സംഘടനകളുടെ നീക്കം; ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിയെടുക്കുമെന്നും ഭീഷണി

single-img
16 November 2017

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത് ദീപികാ പദുക്കോണ്‍ നായികയാവുന്ന ‘പത്മാവതി’ക്കെതിരെയുള്ള വിവാദങ്ങളും പ്രതിഷേധവും അതിരുവിടുന്നു. ചിത്രത്തിന്റ സെറ്റിന് തീയിടുകയും ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ആക്രമിക്കുകയും ചെയ്ത രജപുത്ര കര്‍ണി സേന ഇപ്പോള്‍ പുതിയ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ റിലീസിംഗ് ദിവസമായ ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംഘടന. ദീപികാ പദുക്കോണിനെതിരെയും രൂക്ഷവിമര്‍ശനമാണ് കര്‍ണി സേനയുയര്‍ത്തുന്നത്. ചിത്രത്തിനായി അധോലോക നേതാവ് പണം മുടക്കിയിട്ടുണ്ടെന്നും രാജ്യത്തെ സ്ത്രീകളെയും സംസ്‌ക്കാരത്തെയും മനപ്പൂര്‍വ്വം തകര്‍ക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും കര്‍ണിസേന മേധാവി ലോകേന്ദ്ര സിംഗ് കാല്‍വി ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വേണ്ടിവന്നാല്‍ രാമായണത്തിലെ ശൂര്‍പ്പണഖയെപ്പോലെ ദീപികയുടെ മൂക്ക് ചെത്താന്‍ ഞങ്ങള്‍ മടിക്കില്ല എന്ന് കാല്‍വി ഭീഷണി മുഴക്കി. ‘അല്‍പ വസ്ത്രം ധരിച്ച് നൃത്തം ചെയ്ത് രാജ്യത്തെ വനിതകളെ അപമാനിക്കാനാണ് ദീപിക ശ്രമിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകളെ ഇങ്ങനെ ചിത്രീകരിക്കാനാണോ ശ്രമിക്കുന്നതെന്നും ലോകേന്ദ്ര സിംഗ് കാല്‍വി അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്.

ചിത്രത്തിന്റെ റിലീസ് തടഞ്ഞില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ നശിപ്പിക്കുമെന്നും കാല്‍വി ഭീഷണി മുഴക്കുന്നുണ്ട്. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലയറുക്കുമെന്നും സേന നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ശക്തമായി വിമര്‍ശിച്ചതാണ് ദീപികയ്‌ക്കെതിരെ തിരിയാന്‍ സേനയെ പ്രേരിപ്പിച്ചത്. രാജ്യം പിന്നോട്ടാണ് യാത്ര ചെയ്യുന്നതെന്നും ഭയാനകമാണ് ഈ അവസ്ഥയെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞത്.

ചിത്രത്തിനെതിരെയും ദീപികക്കെതിരെയും ആരോപണങ്ങളുമായി ബിജെപി നേതാവ് സുബ്രഹമണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദീപിക ഇന്ത്യക്കാരിയല്ലെന്നും ഡച്ചുകാരിയാണെന്നും അതിനാലാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും സ്വാമി ആരോപിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു സ്വാമിയുടെ പ്രതികരണം.