ഗാന്ധി ഘാതകന്‍ ഗോഡ്സേയ്ക്ക് മധ്യപ്രദേശില്‍ അമ്പലം സ്ഥാപിച്ച് ഹിന്ദു മഹാസഭ

single-img
16 November 2017

മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്നതിനു തൂക്കിലേറ്റപ്പെട്ട നാഥൂറാം വിനായക് ഗോഡ്സേയ്ക്ക് അമ്പലം സ്ഥാപിച്ച് അഖിലഭാരതീയ ഹിന്ദുമഹാസഭ. മധ്യപ്രദേശിലെ ഗ്വാളിയോറിലെ തങ്ങളുടെ ഓഫീസിലാണു വേദമന്ത്രധ്വനികളുടെ അകമ്പടിയോടെ ഹിന്ദുമഹാസഭ ഗോഡ്സേയുടെ പ്രതിമ സ്ഥാപിച്ചത്. ഗോഡ്സേയെ തൂക്കിക്കൊന്നതിന്റെ അറുപത്തിയേഴാം വാർഷികം ആചരിക്കുന്നതോടൊപ്പം പ്രതിമയും സ്ഥാപിക്കുകയായിരുന്നു.

ഗോഡ്സെയുടെ അമ്പലം നിർമ്മിക്കാൻ  അനുമതി തേടിയിരുന്നുവെന്നും എന്നാൽ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെത്തുടർന്നാണു തങ്ങളുടെ ഓഫീസിൽ പ്രതിമ സ്ഥാപിച്ചതെന്നും ഹിന്ദുമഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീർ ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു. ഓഫീസിൽ ഗോഡ്സെയുടെ 32 ഇഞ്ച് ഉയരമുള്ള പ്രതിമ സ്ഥാപിച്ച് അത് ഗോഡ്സേയുടെ അമ്പലമായി പ്രഖ്യാപിക്കുകയാണു തങ്ങൾ ചെയ്തതെന്നാണു ജയ്‌വീർ പറയുന്നത്.

ഹിന്ദുമഹാസഭയുടെ ഈ നീക്കത്തിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്സ് രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ നിയമപരമായി നേരിടുവാനാണു കോൺഗ്രസ്സ് നേതൃത്വത്തിന്റെ തീരുമാനം.

ഗോഡ്സേയ്ക്ക് അമ്പലം സ്ഥാപിച്ചവർക്കെതിരേ ദേശവിരുദ്ധതയ്ക്ക് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് മുതിർന്ന കോൺഗ്രസ്സ് വക്താവ് കെ കെ മിശ്ര പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഗാന്ധി ഘാതകന്റെ അമ്പലം സ്ഥാപിക്കുന്നതിനെ തടയാതിരിക്കുന്ന ബിജെപി സർക്കാരിന്റെ നിലപാട് ആ പാർട്ടിയുടെ മാനസികാവസ്ഥ വെളിവാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും ലോക്സഭാംഗവുമായ ജ്യോതിരാദിത്യ സിന്ദിയയും വിമർശനവുമായി രംഗത്തുണ്ട്.

“ ഗാന്ധിജിയുടെ പേരു പറഞ്ഞു നിരാഹാരം കിടക്കാറുള്ള  ശിവരാജ് സിംഗ് ചൌഹാന്റെ മൂക്കിനു താഴെയാണു ബാപ്പുവിന്റെ ഘാതകനു അമ്പലം പണിഞ്ഞത്. ഇത് അപമാനകരവും അപലപനീയവുമാണു,” സിന്ദിയ പറഞ്ഞു.

എന്നാൽ മഹാത്മാഗാന്ധിയുടെ ഉടമസ്ഥാവകാശം കോൺഗ്രസ്സുകാർ ഏറ്റെടുക്കേണ്ടതില്ലെന്നും നിയമം ആരെങ്കിലും ലംഘിച്ചിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടുമെന്നുമാണു ബിജെപി വക്താവ് രജനീഷ് ജെയിൻ പ്രതികരിച്ചത്.

ആർ എസ് എസിലും ഹിന്ദു മഹാസഭയിലും അംഗമായിരുന്ന നാഥുറാം വിനായക് ഗോഡ്സേയെ 1949 നവംബർ പതിനഞ്ചാം തീയതി അംബാല ജയിലിൽ വെച്ചാണു തൂക്കിലേറ്റിയത്.