വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ മന്ത്രിസഭ യോഗ തീരുമാനം

single-img
15 November 2017

സംസ്ഥാന വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. നിലവിലുളള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുളള ഒഴിവുകളായിരിക്കും പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യുക.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ കമ്മീഷനുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയ ഐടി ഉപകരണങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങാനും യോഗം തീരുമാനിച്ചു.

ഇതിനുവേണ്ടി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വരുന്നതുവരെ നിലവിലുളള രീതി തുടരും. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ശബരിമല ഉത്സവ സീസണില്‍ സന്നിധാനത്ത് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസ് സേനാംഗങ്ങള്‍ക്കും ക്യാമ്പ് ഫോളവര്‍മാര്‍ക്കും നല്‍കുന്ന ലഗേജ് അലവന്‍സ് 150 രൂപയില്‍നിന്ന് 200 രൂപയായി വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.