ദേവസ്വം ബോർഡിൽ പിന്നോക്ക വിഭാഗങ്ങളുടെ സംവരണം ഉയർത്തി; മുന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം

single-img
15 November 2017

ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തിക സംവരണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ദേവസ്വം ബോർഡ് നിയമനങ്ങളിൽ പത്തുശതമാനം സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം നിലവിലെ പിന്നോക്ക സംവരണത്തിന്റെ ശതമാനം ഉയർത്തുവാനും തീരുമാനമായതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

മുന്നോക്കവിഭാഗങ്ങളിലെ പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏർപ്പാടാക്കുക എന്നത് ഇടതുപക്ഷ സർക്കാരിന്റെ നയമാണെന്നും എന്നാൽ സർക്കാർ സ്ഥാപനങ്ങളിൽ അപ്രകാരം ചെയ്യുന്നതിനു ഭരണഘടനാ ഭേദഗതി ആവശ്യമായതിനാലാണു ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തിക സംവരണം ഏർപ്പാടാക്കുന്നതെന്നും പിണറായി അറിയിച്ചു. ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഹിന്ദുമതത്തിൽ നിന്നുള്ളവർക്കു മാത്രമേ നിയമനം നടത്തുകയുള്ളൂ എന്നതുകൊണ്ട് ന്യൂനപക്ഷ സംവരണത്തിന്റെ സീറ്റുകൾ ഒഴിവുള്ളതിനാൽ ഇത്തരത്തിൽ സാമ്പത്തിക സംവരണം ഏർപ്പാടാക്കുന്നതിനു സാങ്കേതികതടസമൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.

പിന്നോക്ക സംവരണത്തിൽ വർദ്ധനവ്

ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഈഴവർ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ, മറ്റു പിന്നോക്കക്കാർ മുതലായവരുടെ സംവരണം വർദ്ധിപ്പിക്കുവാനും സർക്കാർ തീരുമാനിച്ചു. ഈഴവർക്ക് നിലവിലുള്ള 14 ശതമാനം സംവരണം 17 ശതമാനമായും പട്ടിക ജാതി-വർഗ്ഗ വിഭാഗങ്ങൾക്ക് 10 ശതമാനം ഉള്ളത് 12 ശതമാനമായും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് 3 ശതമാനമുള്ളത് 6 ശതമാനമായും ഉയർത്തുവാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Press Meet

Posted by Chief Minister's Office, Kerala on Tuesday, November 14, 2017