തുഗ്ലക്കും 700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നോട്ട് നിരോധനം നടപ്പാക്കിയിരുന്നു; മോദിയ്‌ക്കെതിരെ പരിഹാസവുമായി മുതിര്‍ന്ന ബിജെപി നേതാവ്

single-img
15 November 2017

ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി ബി.ജെ.പിയുടെ മുന്‍നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. പതിനാലാം നൂറ്റാണ്ടിലെ ഡല്‍ഹി ഭരണാധികാരിയായിരുന്ന തുഗ്ലക്കും 700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നോട്ട് നിരോധനം നടപ്പാക്കിയിരുന്നുവെന്നാണ് യശ്വന്ത് സിന്‍ഹയുടെ പരിഹാസം.

അഹമ്മദാബാദില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സേവ് ഡെമോക്രസി മൂവ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ഭരണാധികാരികള്‍ സ്വന്തം മുഖം അച്ചടിച്ച് കറന്‍സികള്‍ ഇറക്കുന്നുണ്ട്. പുതിയ നോട്ടുകള്‍ അച്ചടിക്കുമ്പോള്‍ ഇവര്‍ പഴയവ നിലനിര്‍ത്തുകയും ചെയ്യും.

എന്നാല്‍ 700 വര്‍ഷം മുമ്പ് മുഹമ്മദ് ബിന്‍ തുഗ്ലക്ക് പഴയ കറന്‍സികള്‍ നിര്‍ത്തലാക്കിക്കൊണ്ട് അദ്ദേഹത്തിന്റേതായ കറന്‍സി പുറത്തിറക്കി. അതുകൊണ്ട് തന്നെ നോട്ട് നിരോധനം 700 വര്‍ഷം മുമ്പ് നടന്നിരുന്നതായി നമുക്ക് പറയാമെന്ന് സിന്‍ഹ പറഞ്ഞു.

പരിപാടിയില്‍ നോട്ട് നിരോധനത്തിനെതിരെയും ജിഎസ്ടിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് സിന്‍ഹ ഉയര്‍ത്തിയത്. നോട്ട് നിരോധനത്തിലൂടെ 3.75 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് സമ്പദ് വ്യവസ്ഥയില്‍ വന്നു ചേര്‍ന്നതെന്നാണ് കണക്കുകള്‍, എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിലേറെ വരുമെന്നും ഭാവിയിലും അത് തുടരുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യശ്വന്ത് സിന്‍ഹ നേരത്തേയും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ജനങ്ങളുടെ ശക്തി മറുപടി പറയുമെന്ന് സിന്‍ഹ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.