ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്വ. ജയശങ്കറിന് ഷംസീറിന്റെ ഭീഷണി: ‘പിണറായിയെ അധിക്ഷേപിക്കുകയാണെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരും’

single-img
15 November 2017

കോഴിക്കോട്: അഡ്വക്കേറ്റ് ജയശങ്കറിനെതിരെ ഭീഷണി മുഴക്കി സിപിഎം എംഎല്‍എ എഎന്‍ ഷംസീര്‍. തോമസ് ചാണ്ടിയുടെ കയ്യേറ്റക്കേസുമായി ബന്ധപ്പെട്ട് ന്യൂസ് 18 ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് എംഎല്‍എയുടെ ഭീഷണി. പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ അതിന്റെ പ്രതിവിധി കൂടി നേരിടണമെന്നായിരുന്നു ഷംസീറിന്റെ ഭീഷണി.

കഴിഞ്ഞ കുറച്ചു ദിവസമായി ജയശങ്കര്‍ മുഖ്യമന്ത്രിയെ നിരന്തരം ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. പിണറായി വിരോധം കൊണ്ട് ഭ്രാന്ത് പിടിച്ച വ്യക്തിയാണ് ജയശങ്കറെന്നും ഷംസീര്‍ തുറന്നടിച്ചു. പിണറായിയെ മുഖ്യമന്ത്രിയാക്കില്ലെന്നാണ് ജയശങ്കര്‍ നേരത്തേ പ്രഖ്യാപിച്ചത്.

എന്നാല്‍ ജനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. പിണറായി മുഖ്യമന്ത്രിയായ ദിവസം തന്നെ അദ്ദേഹത്തെ രാജിവയ്പ്പിക്കുമെന്നും ജയശങ്കര്‍ പറഞ്ഞിരുന്നതായി ഷംസീര്‍ ചൂണ്ടിക്കാട്ടി. ലാവ്‌ലിന്‍ കേസില്‍ പിണറായി ശിക്ഷിക്കപ്പെടുമെന്ന് ജയശങ്കര്‍ പ്രവചിച്ചിരുന്നെന്നും താങ്കള്‍ പറയുന്നതു പോലെയല്ല കാര്യങ്ങള്‍ നടക്കുന്നതെന്നു ഓര്‍ക്കണമെന്നും ഷംസീര്‍ ജയശങ്കറിനോടു പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങളൊന്നും നടക്കാത്തതിലുള്ള നിരാശയെ തുടര്‍ന്നാണ് അദ്ദേഹം മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. ഇത്തരത്തില്‍ പിണറായിയെ അധിക്ഷേപിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം കൂടി നേരിടാന്‍ താങ്കള്‍ തയ്യാറാവണമെന്ന് ഷംസീര്‍ മുന്നറിയിപ്പ് നല്‍കി.

രാത്രി എട്ടു മണിക്ക് ടിവി ചര്‍ച്ചയില്‍ വന്നിരുന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോള്‍ ഇതിനെയെല്ലാം നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് ജയശങ്കര്‍ ഓര്‍ക്കണമെന്നും ഷംസീര്‍ പറഞ്ഞു. ചര്‍ച്ചയില്‍ ജയശങ്കറിനെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തികച്ചും യാദൃശ്ചികമായാണ് അദ്ദേഹം ഈ ചര്‍ച്ചയ്‌ക്കെത്തിയത്. ജയശങ്കര്‍ തങ്ങള്‍ക്കൊരു ഇരയല്ലെന്നും ഷംസീര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം.

എന്നാല്‍ അതിലൊരു മര്യാദ ഉണ്ടാവണമെന്നും ഷംസീര്‍ പറഞ്ഞു. വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ വിമര്‍ശനങ്ങള്‍ ഒരിക്കലും വ്യക്തിപരമായി പോവരുത്. വ്യക്തിവിരോധമായി മാറാന്‍ പാടില്ല. അത് മാന്യമായ രീതിയാണോയെന്നു മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

ചാനല്‍ ചര്‍ച്ചകള്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ആയി മാറിയതിനെ തുടര്‍ന്നാണ് താന്‍ ജയശങ്കറിനെതിരെ അത്തരത്തില്‍ സംസാരിച്ചതെന്നും ഷംസീര്‍ പറഞ്ഞു. ഭീഷണിപ്പെടുത്താന്‍ മാത്രം സ്റ്റാന്‍ഡേര്‍ഡുള്ള വ്യക്തിയല്ല ജയശങ്കറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NEWS 18 KERALA LIVE

കോടതിയുടെ നിലപാട് ആര്‍ക്കൊക്കെയുള്ള പ്രഹരം?പിണറായിക്ക് തോമസ് ചാണ്ടിയോട് സൗമനസ്യം എന്ത് കൊണ്ട്? പ്രൈം ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു

Posted by News18 Kerala on Tuesday, November 14, 2017