ഗോവ ഫെസ്റ്റിവൽ: എസ് ദുർഗ്ഗ, നൂഡ് എന്നീ ചിത്രങ്ങൾ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം

single-img
15 November 2017

ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നിന്നും നൂഡ് , സെക്സി ദുർഗ്ഗ എന്നീ ചിത്രങ്ങൾ ഒഴിവാക്കിയതിനെതിരേ പ്രതിഷേധിക്കുമെന്ന് മറാഠി സിനിമാ പ്രവർത്തകർ പ്രതിഷേധിക്കും. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം എസ് ദുർഗ്ഗയേയും രവി ജാദവ് സംവിധാനം ചെയ്ത മറാഠി ചലച്ചിത്രം നൂഡിനേയും അകാരണമായി ഫെസ്റ്റിവലിൽ നിന്നും ഒഴിവാക്കിയത് വിവാദമായിരുന്നു.

ആദ്യം ഉൾപ്പെടൂത്തിയ ഈ ചിത്രങ്ങളെ വാർത്താ വിതരണ മന്ത്രാലയത്തിൽ നിന്നുള്ള  നിർദ്ദേശത്തെത്തുടർന്ന് അവസാന നിമിഷം പട്ടികയിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. ഈ നീക്കത്തിൽ പ്രതിഷേധിച്ച് ജൂറി തലവനായ സംവിധായകൻ സുജോയ് ഘോഷ് അടക്കം നിരവധി പേർ ഫെസ്റ്റിവൽ ചുമതലകളിൽ നിന്ന് രാജി വെച്ചിരുന്നു. ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയ ചിത്രമായ മറുംബയുടെ നിർമ്മാതാവ് നിതിൻ വൈദ്യ അടക്കം നിരവധിപേർ പ്രതിഷേധവുമായി രംഗത്തുണ്ട്. മന്ത്രാലയത്തിന്റെ ഈ തീരുമാനം നിർഭാഗ്യകരവും അപലപനീയവുമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ സിനിമകളെ തെരെഞ്ഞെടുത്തത് ഉത്തമരായ വ്യക്തികൾ അടങ്ങിയ ജൂറിയാണെന്നും അതിനാൽ സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും മരുംബ സിനിമയുടെ പ്രവർത്തകർ ഇതിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സർക്കാരിന്റെ ഈ തീരുമാനത്തിനെതിരേ ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ നൽകിയിട്ടുണ്ടെന്നു സനൽകുമാർ ശശിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തനിക്കു പിന്തുണയുമായി മറാഠി സിനിമാ ഇൻഡസ്ട്രി ഉണ്ടെന്നും ഇനി മലയാളം ഇൻഡസ്ട്രിയുടെ അഭിപ്രായമാണു അറിയേണ്ടതെന്നും അദ്ദേഹം എഴുതി.

The writ petition filed against the removal of my film from IFFI, before the Hon'ble High Court has been taken into file…

Posted by Sanal Kumar Sasidharan on Tuesday, November 14, 2017

സെക്സി ദുർഗ്ഗ എന്ന ചിത്രത്തിന്റെ പേരു എസ് ദുർഗ്ഗ എന്നു മാറ്റിയത് സെൻസർ ബോർഡ് ആണു. ചിത്രത്തിൽ 21 ഭാഗത്ത് സെൻസർ ബോർഡ് ശബ്ദനിയന്ത്രണം (മ്യൂട്ടിംഗ്) നടത്തുകയും ചെയ്തു. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഹിവോസ് ടൈഗർ പുരസ്കാരം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറിയ ചിത്രത്തിനാണു മന്ത്രാലയം ഗോവ മേളയിൽ വിലക്കേർപ്പെടുത്തിയത്.