ഇടതുമുന്നണിയില്‍ പൊട്ടിത്തെറി: സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു

single-img
15 November 2017

മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. സിപിഐ മന്ത്രിമാര്‍ കാബിനറ്റ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നു. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

സിപിഐയുടെ നാലു മന്ത്രിമാരും രാവിലെതന്നെ സെക്രട്ടേറിയറ്റില്‍ എത്തിയെങ്കിലും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസില്‍ യോഗംചേര്‍ന്ന് മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിനുശേഷം 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും.

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനം കൈക്കൊള്ളാന്‍ മുന്നണിയോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നത്തെ കൂടിക്കാഴ്ചയിലും തീരുമാനം ഉണ്ടാകാത്തതാണ് സിപിഐ മന്ത്രിമാരെ അസംതൃപ്തരാക്കിയത്.

ഇതിനിടെ മുഖ്യമന്ത്രി തോമസ് ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. രാജി വെക്കേണ്ടതിന്റെ അനിവാര്യത മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ധരിപ്പിച്ചു. കൂടിക്കാഴ്ച 45 മിനിട്ടോളം നീണ്ടുനിന്നു. ഹൈക്കോടതിയുടെ വിധി പകര്‍പ്പ് ലഭിച്ചതിന് ശേഷം തീരുമാനം അറിയിക്കാം എന്നാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുന്നത്.

വിധി പകര്‍പ്പില്‍ തനിക്കെതിരെ പരാമര്‍ശം ഉണ്ടെങ്കില്‍ ആ നിമിഷം രാജിവെക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാദത്തിനിടയിലെ പരാമര്‍ശങ്ങള്‍ വിധിയുടെ ഭാഗമല്ലെന്നും അത് പരിഗണിക്കേണ്ടതേയില്ലെന്ന് സുപ്രിം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു.

അതേസമയം, മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തോമസ് ചാണ്ടി വ്യക്തമാക്കി. വിധിപ്പകര്‍പ്പു കിട്ടിയതിനു ശേഷം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും ചാണ്ടി അറിയിച്ചു. അതിനിടെ, തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയാണ്.

തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വാക്കാല്‍ രൂക്ഷ പരാമര്‍ശം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിരുന്നു. കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതി പരാമര്‍ശവും തോമസ് ചാണ്ടിയുടെ രാജിയും ചര്‍ച്ചയില്‍ വിഷയമായതായാണു സൂചന. സന്ധ്യയോടെയാണു പിണറായി വിജയന്‍ എകെജി സെന്ററിലെത്തിയത്.