മൊഴിയില്‍ ആ ഭാഗം ഒഴിവാക്കിയില്ലായിരുന്നുവെങ്കില്‍ കോടതി അദ്ദേഹത്തെ വെറുതെവിടുമായിരുന്നു; പേരറിവാളന്റെ മൊഴി താന്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് സി.ബി.ഐ ഓഫീസര്‍

single-img
14 November 2017

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളിലൊരാളായ പേരറിവാളന്റെ മൊഴി താന്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് സി.ബി.ഐ ഓഫീസര്‍ സുപ്രീംകോടതിയില്‍. ബോംബിലുപയോഗിച്ച ബാറ്ററി എന്തിന് വേണ്ടിയാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് പേരറിവാളന്‍ യഥാര്‍ഥത്തില്‍ മൊഴി നല്‍കിയത്.

എന്നാല്‍ ആ ഭാഗം പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന താന്‍ കുറ്റസമ്മത മൊഴിയില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നെന്നും സി.ബി.ഐ ഉദ്യോഗസ്ഥനായ വി. ത്യാഗരാജന്‍ പറയുന്നു. ആ ഭാഗം ഒഴിവാക്കിയില്ലായിരുന്നുവെങ്കില്‍ കോടതി അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിടുമായിരുന്നെന്നും അതിനാലാണ് അന്ന് താന്‍ അക്കാര്യം രേഖപ്പെടുത്താതിരുന്നതെന്നും ത്യാഗരാജന്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 27ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സി.ബി.ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. രണ്ട് ബാറ്ററികള്‍ വാങ്ങിനല്‍കി എന്ന കുറ്റത്തിനാണ് പേരറിവാളനെ വധശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞ 26 വര്‍ഷങ്ങളായി ഏകാന്ത തടവിലാണ് പേരറിവാളന്‍.

കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്ന സമയത്ത് ബോംബിനെക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചിരുന്നില്ല. ഇന്നും അവസാനിച്ചിട്ടില്ല. കേസിന്റെ അന്വേഷണത്തില്‍ പേരറിവാളന്റെ പങ്ക് സി.ബി.ഐക്ക് ബോധ്യപ്പെട്ടിട്ടില്ല. ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അക്കാര്യം സി.ബി.ഐക്കും ബോധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 1991 മെയ് 7ന് പ്രതി ശിവരശനും എല്‍.ടി.ടി.ഇ മുതിര്‍ന്ന നേതാവ് പൊട്ടു അമ്മനും തമ്മിലുള്ള വയര്‍ലസ് സന്ദേശങ്ങള്‍ ഇതിന് തെളിവാണ്.

ശിവരശനും ശുഭയും ആത്മഹത്യ ബോംബായി പൊട്ടിത്തെറിച്ച തനുവിനും അല്ലാതെ മറ്റൊരാള്‍ക്കും ഇതേക്കുറിച്ച് അറിയില്ലെന്ന് സന്ദേശത്തില്‍ നിന്നും വ്യക്തമാണ്. ഒന്‍പത് വോള്‍ട്ടിന്റെ രണ്ട് ബാറ്ററി വാങ്ങിച്ചുകൊടുത്തു എന്നുള്ളത് പേരറിവാളന് ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നു എന്നതിന് തെളിവല്ല.

പേരറിവാളന്‍ കുറ്റക്കാരനാണെന്ന് വിധിക്കാന്‍ കോടതിക്ക് മുന്നിലുള്ള തെളിവ് താന്‍ രേഖപ്പെടുത്തിയ കുറ്റസമ്മത മൊഴിയാണ്. ഇക്കാര്യത്തില്‍ നീതി നടപ്പാക്കാന്‍ കോടതി തയാറാകണമെന്നും ത്യാഗരാജന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം എല്‍.ടി.ടി.ഇക്ക് ആയുധങ്ങള്‍ നല്‍കിവന്നിരുന്നയാള്‍ ശ്രീലങ്കയില്‍ ജയിലിലുണ്ട്. ഇയാളെ ചോദ്യം ചെയ്യുമെന്ന് പ്രോസിക്യൂഷന്‍ പറയുന്നുണ്ട്. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബ് നിര്‍മിച്ചയാളും ശ്രീലങ്കന്‍ ജയിലിലുണ്ട്. അയാളെയും ചോദ്യം ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് രണ്ട് ബാറ്ററി വാങ്ങിയെന്ന പേരില്‍ നിരപരാധിയായ ഒരാളെ 26 വര്‍ഷങ്ങളായി ജയിലിലിട്ടിരിക്കുന്നതെന്നും പേരറിവാളന്റെ അഭിഭാഷകന്‍ ശങ്കരനാരായണന്‍ ചോദിച്ചു. ശ്രീപെരുപുതൂരിലുണ്ടായ ബെല്‍റ്റ് ബോംബ് സ്‌ഫോടനത്തില്‍ 1991ലാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്.