തന്ത്രം മാറ്റി ഭിക്ഷാടന മാഫിയ: ആളെ പറ്റിക്കാന്‍ ഉത്തരേന്ത്യന്‍ ലോബിയും: ബസ് സ്റ്റാന്‍ഡുകളില്‍ നിങ്ങള്‍ പറ്റിക്കപ്പെടരുത്

single-img
14 November 2017

ഭിക്ഷാടനം ഉപജീവന മാര്‍ഗ്ഗമാക്കിയ മാഫിയ സംഘം കേരളം അടക്കി വാഴുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രളയക്കെടുതി, രോഗങ്ങള്‍, അംഗഭംഗം, വിവാഹം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് ഇത്തരക്കാര്‍ ആളുകളെ സമീപിച്ചിരുന്നത്.

വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരക്കാര്‍ പണം പിരിച്ചിരുന്നത്. ഭിക്ഷാടനത്തിന്റെ മറവില്‍ വീടുകളില്‍ മോഷണവും ബസുകളില്‍ കുട്ടികളുള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് ആഭരണം തട്ടലും പതിവായതോടെ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

അലഞ്ഞുതിരിയുന്നവരെയും റോഡരികിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരെയും കണ്ടെത്തി പുനരധിവാസ കേന്ദ്രങ്ങളില്‍ പൊലീസ് എത്തിച്ചു. ക്രിമിനലുകളെ അഴിക്കുള്ളിലുമാക്കി. ഇതോടെ ഇത്തരം മാഫിയയുടെ പ്രവര്‍ത്തനം ഒരുപരിധിവരെ കുറഞ്ഞിരുന്നു.

എന്നാല്‍ പുതിയ തന്ത്രങ്ങളുമായാണ് ഇക്കൂട്ടര്‍ വീണ്ടും കേരളത്തില്‍ എത്തിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. പക്ഷേ ഭിക്ഷക്കാരുടെ വേഷത്തില്‍ അല്ല എന്നു മാത്രം. മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ച് എത്തുന്ന ഇവര്‍ ആരോടും ഭിക്ഷക്കാരെ പോലെ യാചിക്കാറില്ല.

പകരം അപേക്ഷിക്കലാണ്. താന്‍ ദൂരെ സ്ഥലത്ത് നിന്നും ((പലപ്പോഴും അന്യ ഭാഷക്കാരാണെങ്കില്‍ ഇവര്‍ തമിഴ്‌നാടോ, ആന്ധ്രയോ, കര്‍ണാടകയോ എന്നൊക്കെയാണ് പറയുക. മലയാളികളാണെങ്കില്‍ 100 കിലോമീറ്റര്‍ അപ്പുറമുള്ള സ്ഥലപ്പേരും പറയും.)) അത്യാവശ്യ കാര്യത്തിനായി വന്നതാണെന്നും യാത്രക്കിടയില്‍ പണവും ബാഗും നഷ്ടമായെന്നും തിരിച്ച് വീട്ടില്‍ എത്താന്‍ എന്തെങ്കിലും പൈസ തന്ന് സഹായിക്കണം എന്നുമാണ് ഇക്കൂട്ടര്‍ പറയുക.

ഇത് വിശ്വസിച്ച് പലരും ദൂരെ സ്ഥലം വരെ എത്തേണ്ടതല്ലേ എന്നു പറഞ്ഞ് 50 രൂപയും 100 രൂപയും നല്‍കും. ഇങ്ങനെ ഒരു ദിവസം ഇവര്‍ 50 പേരെ സമീപിച്ചാല്‍ ആയിരക്കണക്കിന് രൂപയാണ് കിട്ടുന്നത്. ഇതില്‍ ഒരു പങ്ക് ഭിക്ഷാടന മാഫിയക്ക് നല്‍കും. ആളുകള്‍ക്ക് മുഖ പരിചയം വരാതിരിക്കാന്‍ ഇവര്‍ ഓരോ ജില്ലകളില്‍ മാറി മാറിയാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് എന്നാണ് വിവരം.

ഇതിനു പിന്നിലും ഉത്തരേന്ത്യന്‍ മാഫിയ ആണെന്നാണ് വിവരം. സ്ത്രീകളെയും കുട്ടികളെയും ഇത്തരം തട്ടിപ്പിന് നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലും ഇത്തരത്തിലുള്ള മാഫിയ പിടിമുറുക്കിയതായി ഓട്ടോ തൊഴിലാഴികള്‍ പറയുന്നു. തലസ്ഥാനത്തും ഇത്തരത്തിലുള്ള മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇത് നേരിട്ട് മനസ്സിലാക്കിയ കഴക്കൂട്ടം സ്വദേശിയായ അമീന്‍ എന്ന യുവാവ് പറയുന്നു.

‘താനും സുഹൃത്തും തിരുവനന്തപുരത്ത് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് യാത്രക്കിടയില്‍ പണവും ബാഗും നഷ്ടമായെന്നും തിരിച്ച് വീട്ടില്‍ എത്താന്‍ എന്തെങ്കിലും പൈസ തന്ന് സഹായിക്കണമെന്നും പറഞ്ഞു. അയാളുടെ വിഷമവും മാന്യനുമാണെന്ന് തോന്നിയപ്പോള്‍ താനും സുഹൃത്തും സഹതാപംകൊണ്ട് 50 രൂപ വീതം നല്‍കി. ഇത് വാങ്ങി അയാള്‍ സന്തോഷത്തോടെ മടങ്ങി. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ഒരു സത്രീയും കുട്ടിയും ഇത്തരത്തില്‍ തങ്ങളെ സമീപിച്ചു. അപ്പോഴാണ് തങ്ങള്‍ക്ക് തട്ടിപ്പ് മനസിലായത്”.

ഇനിമുതല്‍ നിങ്ങളുടെ അടുത്ത് വന്നു സഹായം ചോദിക്കുന്ന നമ്മുടെ നാട്ടുകാര്‍ അല്ലാത്ത, നമ്മള്‍ ഇതുവരെ കാണാത്ത ആര്‍ക്കും ഒന്നും തന്നെ സംഭാവനയായി കൊടുക്കാതിരിക്കലാണ് ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമെന്നാണ് പലരുടെയും അഭിപ്രായം.