‘ഹാര്‍ദികിന്റെ സ്വഭാവം മോശം’: ഹാര്‍ദിക് പട്ടേലിനെതിരെ പെരുമാറ്റ ദോഷ ആരോപണവുമായി മുന്‍ സഹപ്രവര്‍ത്തക

single-img
14 November 2017

അശ്ലീല വീഡിയോയ്ക്ക് പിന്നാലെ ഹാര്‍ദിക് പട്ടേലിനെതിരെ പെരുമാറ്റ ദോഷ ആരോപണവുമായി മുന്‍ സഹപ്രവര്‍ത്തക രേഷ്മാ പട്ടേല്‍ രംഗത്ത്. ഹാര്‍ദികിന്റെ സ്വഭാവം മോശമാണെന്നും തന്നെ മാനസികമായി ഹാര്‍ദിക് ബുദ്ധിമുട്ടിച്ചിരുന്നെന്നും രേഷ്മ പട്ടേല്‍ പറഞ്ഞു.

പട്ടേല്‍ അനാമത് ആന്തോളന്‍ സമിതി വിട്ട് ബിജെപിയില്‍ ചേര്‍ന്ന രേഷ്മ പട്ടേലാണ് ഹാര്‍ദികിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ഹര്‍ദിക് പട്ടേലിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിച്ചത്. എന്നാല്‍ ഇതിന് പിന്നില്‍ ബിജെപി ആണെന്നായിരുന്നു ഹാര്‍ദികിന്റെ ആരോപണം.

അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ഇന്ന് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനെതിരെ കലഹിച്ച് ബിജെപിവിട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ് മേത്ത നടത്തുന്ന പരിപാടിയിലാണ് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പങ്കെടുക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം ജിഎസ്ടി എന്നിവയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് പിന്നാലെ ഗുജറാത്ത് വികസനമാതൃകയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് പരിപാടിയില്‍ സിന്‍ഹ പങ്കെടുക്കുന്നത് ബിജെപിയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കും. അതേസമയം പരിപാടിയില്‍ സിന്‍ഹ പങ്കെടുക്കുന്നത് പാര്‍ട്ടിയ്ക്ക് കരുത്താകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.