ഗുര്‍മീത് ജയിലിലെ വിഐപിയെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍: ‘ജയിലില്‍ ഒരു ജോലിയും ചെയ്യില്ല; സന്ദര്‍ശകരെ കാണാന്‍ രണ്ടു മണിക്കൂര്‍ വരെ അനുവദിക്കും’

single-img
14 November 2017

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മിത് റാം റഹീം സിങ് ജയില്‍ ജോലികള്‍ ചെയ്യുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് തടവുകാരന്റെ വെളിപ്പെടുത്തല്‍. റോഹ്തക് ജയിലില്‍ നിന്ന് പുറത്തുവന്ന തടവുകാരന്‍ രാഹുല്‍ ജെയിനയുടേതാണ് വെളിപ്പെടുത്തല്‍.

ജയില്‍ അധികൃതര്‍ പറയുന്നത് അദ്ദേഹം ജോലി ചെയ്യുന്നുണ്ടെന്നാണ്. എന്നാല്‍ മറ്റ് തടവുകാരെ പോലെ ഗുര്‍മിത് ജയിലിലെ ജോലികള്‍ ചെയ്യാറില്ലെന്നും അദ്ദേഹം ജോലി ചെയ്യുന്നത് ഞങ്ങള്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും രാഹുല്‍ പറയുന്നു. കൂടാതെ ഗുര്‍മിത് ജയിലില്‍ വന്നതുമുതല്‍ മറ്റു തടവുകാര്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയുന്നില്ലെന്നും ഞങ്ങളുടെ മേല്‍ നിരവധി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും രാഹുല്‍ വ്യക്തമാക്കി.

സാധാരണ തടവുകാര്‍ക്ക് 20 മിനിറ്റ് സമയമാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്. എന്നാല്‍ ഗുര്‍മിതിന് രണ്ടു മണിക്കൂര്‍ വരെ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടെന്നും രാഹുല്‍ ആരോപിച്ചു. ഗുര്‍മിതിന്റെ സെല്ലിനടുത്തുപോലും പോകാന്‍ മറ്റു തടവുകാര്‍ക്ക് അനുവദമില്ലെന്നും ഗുര്‍മിത് സെല്ലിന് പുറത്തിറങ്ങുമ്പോള്‍ എല്ലാ തടവുകാരെയും പൂട്ടിയിടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2002 ല്‍ ആയിരുന്നു ഗുര്‍മീത് സിങിനെതിരെ ബലാത്സംഗ ആരോപണം ഉയരുന്നത്. ഇദ്ദേഹത്തിന്റെ അനുയായിയായിരുന്ന ഒരു സ്ത്രീ തന്നെ ആയിരുന്നു ആരോപണം ഉന്നയിച്ചത്. ഈ കേസിലാണ് ഗുര്‍മീത് സിങിന് കോടതി 20 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്