ദേവസ്വം ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി: പ്രയാര്‍ ഗോപാലകൃഷ്ണന്‍ തെറിച്ചു

single-img
14 November 2017

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഇന്നലെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ പി സദാശിവം ഓര്‍ഡിനന്‍സ് മടക്കിയിരുന്നു.

ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇന്നലെ വീണ്ടും രാജ്ഭവനില്‍ സമര്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുകയായിരുന്നു. ഗവര്‍ണര്‍ ഒപ്പുവച്ചതോടെ ഓര്‍ഡിന്‍സ് പ്രാബല്യത്തിലായി.

കെടുകാര്യസ്ഥത, ഫണ്ട് വിനിയോഗത്തിലെ അപാകത, അനാസ്ഥ തുടങ്ങിയ കാരണങ്ങളാലാണ് നിലവിലുള്ളവരെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ ഗവര്‍ണറെ ധരിപ്പിച്ചത്. ശബരിമല തീര്‍ഥാടനത്തെ മാറ്റം ബാധിക്കുമോയെന്ന ഗവര്‍ണറുടെ ചോദ്യത്തിന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി നിജപ്പെടുത്തുകയും ബോര്‍ഡ് അംഗങ്ങളാകാന്‍ 60 വയസ് പൂര്‍ത്തിയാകുകയും വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കിയത്. നേരത്തെ സുഭാഷ് വാസുവിനു വേണ്ടി 60 വയസ് എന്നത് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു.

പുതിയ പ്രസിഡന്റും അംഗവും ശബരിമല മണ്ഡലകാലത്തിന് മുമ്പ് ചുമതലയേല്‍ക്കാന്‍ അവസരം നല്‍കുന്നതിനായി അടിയന്തരമായി ഓര്‍ഡിന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റിന്റെയും അംഗങ്ങളുടേയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിംഗ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്.

ഇപ്പോള്‍ പ്രസിഡന്റിന്റെ ഓണറേറിയം അയ്യായിരം രൂപയായും അംഗങ്ങളുടേത് മൂവായിരത്തി അഞ്ഞൂറു രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. സിറ്റിംഗ് ഫീസ് വ്യവസ്ഥ ചെയ്തിട്ടുമില്ല. പത്തുവര്‍ഷം മുമ്പ് നിശ്ചയിച്ച ഓണറേറിയം കാലാനുസൃതമായി പുതുക്കുന്നതിനും സിറ്റിംഗ് ഫീസ് നിശ്ചയിക്കുന്നതിനും ഓര്‍ഡിനന്‍സിന്റെ കരടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് അംഗീകരിച്ചതോടെ യുഡിഎഫ് നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കാലാവധി അവസാനിച്ചു. ദേവസ്വം ബോര്‍ഡില്‍ സിപിഎം നോമിനിയായിരിക്കും പ്രസിഡന്റായി വരിക. സിപിഐക്ക് ആയിരിക്കും മെമ്പര്‍ സ്ഥാനം ലഭിക്കുക.

ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് സീസണുകള്‍ ആരംഭിക്കാന്‍ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ പ്രസിഡന്റിനെയും ദേവസ്വം ബോര്‍ഡ് അംഗത്തെയും പുറത്താക്കിക്കൊണ്ട് ഇറക്കിയ ഓര്‍ഡിനന്‍സിനെതിരേ പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെടുകയും ചെയ്തിരുന്നു.