ഇത് ഭയാനകമായ അവസ്ഥയാണ്, തീര്‍ത്തും ഞെട്ടിപ്പിക്കുന്ന അവസ്ഥ: വിമര്‍ശകര്‍ക്ക് മറുപടിയുമായി ദീപിക പദുക്കോണ്‍

single-img
14 November 2017

സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമ പത്മാവതിക്കെതിരെ ഉയരുന്ന എതിര്‍പ്പുകളില്‍ രൂക്ഷ വിമര്‍ശനവുമായി നടി ദീപിക പദുക്കോണ്‍. ഇത് ഭയാനകമായ അവസ്ഥയാണ്. തീര്‍ത്തും ഞെട്ടിപ്പിക്കുന്ന അവസ്ഥ. ഒരു രാഷ്ട്രം എന്ന നിലയില്‍ എവിടെയാണ് നമ്മള്‍ എത്തിയിരിക്കുന്നതെന്നും പിന്നോട്ടാണ് നമ്മുടെ യാത്രയെന്നുമാണ് ദീപികയുടെ പ്രതികരണം.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്. ഇതൊരു സിനിമയ്ക്കുവേണ്ടിയുള്ള വെറും പോരാട്ടമല്ല എന്നാണ് സിനിമാ ലോകം നല്‍കുന്ന പിന്തുണ തെളിയിക്കുന്നതെന്നും വലിയൊരു കാര്യത്തിനുവേണ്ടിയാണ് നമ്മള്‍ പോരാടുന്നതെന്നും ദീപിക പറഞ്ഞു.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സെന്‍സര്‍ ബോര്‍ഡിന് മാത്രമേ മറുപടി നല്‍കേണ്ടതുള്ളൂവെന്നും ഒന്നിനും ഈ സിനിമയുടെ റിലീസിനെ തടയാന്‍ കഴിയില്ല എന്നാണ് തന്റെ വിശ്വാസമെന്നും ദീപിക വ്യക്തമാക്കി. ഒരു സ്ത്രീ എന്ന നിലയില്‍ ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇതിന്റെ കഥ ഇപ്പോള്‍ തന്നെയാണ് പറയേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റാണി പത്മിനിയെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രജപുത്ര കര്‍ണി സേനയാണ് ചിത്രത്തിനെതിരെ ആദ്യം രംഗത്തുവന്നത്. പിന്നീട് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഗുജറാത്ത് ഘടകം രംഗത്തുവന്നിരുന്നു.

പിന്നീട് റിലീസ് തടയണം എന്നാവശ്യപ്പെട്ട് മേവാര്‍ രാജകുടുംബം തന്നെ പ്രധാനമന്ത്രി, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി, സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ എന്നിവര്‍ക്ക് കത്തെഴുതിയതോടെയാണ് രൂക്ഷമായ പ്രതികരണവുമായി നായിക ദീപിക രംഗത്തുവന്നത്.

ദീപികയുടെ സിനിമാ ജീവിതത്തിന്റെ നീണ്ട പത്ത് വര്‍ഷം തികയുന്ന അവസരത്തിലാണ് പത്മാവതി റിലീസിനൊരുങ്ങുന്നത്. നവംബര്‍ പത്തിനായിരുന്നു ദീപികയുടെ അരങ്ങേറ്റ ചിത്രമായ ഓം ശാന്തി ഓം തിയേറ്ററിലെത്തിയത്.