അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ഇനി ബുര്‍ഹാനി ട്രസ്റ്റിന്; ലേലം 11.5 കോടിക്ക്

single-img
14 November 2017

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കള്‍ സൈഫി ബുര്‍ഹാനി അപ്ലിഫ്‌മെന്റ് ട്രസ്റ്റ് (എസ്.ബി.യു.ടി) ലേലത്തില്‍ വാങ്ങി. 11.5 കോടി രൂപയ്ക്കാണ് മുംബൈയിലെ റസ്റ്റോറന്റ് ഉള്‍പ്പെടെ മൂന്നു വസ്തുവകകള്‍ ലേലം ചെയ്തത്.

ഹോട്ടല്‍ റൗണാഖ് അഫ്‌റോസ്, ഷബ്‌നം ഗസ്റ്റ് ഹൗസ്, ദമര്‍വാലയിലെ കെട്ടിടം എന്നിവയാണ് ലേലം ചെയ്തത്. സ്മഗിളേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് ആക്ട് പ്രകാരം കേന്ദ്ര ധനമന്ത്രാലയമാണ് സ്വത്തുക്കള്‍ ലേലം ചെയ്തത്. റണൗഖ് അഫ്‌റോസ് ഹോട്ടല്‍ 4.53 കോടി രൂപയ്ക്ക് ലേലം ചെയ്തു. ഷബ്‌നം ഗസ്റ്റ് ഹൗസിന് 3.52 കോടി രൂപയും ധര്‍മ്മവാല കെട്ടിടത്തിന് 3.53 കോടി രൂപയും ലഭിച്ചു.

നേരത്തെ മൂന്ന് തവണ വസ്തുവകകള്‍ ലേലത്തിന് വച്ചിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല. രണ്ടുവര്‍ഷം മുമ്പ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ എസ്. ബാലകൃഷ്ണന്‍ 4.28 കോടി രൂപയ്ക്ക് റസ്റ്റോറന്റ് ലേലത്തില്‍ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാല്‍ ഇടപാട് അസാധുവായിരുന്നു. തുടര്‍ന്ന് ഇക്കുറി അടിസ്ഥാനവില കുറച്ചാണ് ലേലം നടത്തിയത്.