ഓടുന്ന ട്രെയിനില്‍ പീഡനശ്രമം; മകളെ തള്ളിയിട്ടശേഷം അമ്മയും പുറകേ ചാടി

single-img
13 November 2017

ന്യൂഡല്‍ഹി: പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനില്‍ നിന്നും അമ്മയും മകളും പുറത്തേക്കു ചാടി. ശനിയാഴ്ച രാത്രി ഹൗറ ജോദ്പൂര്‍ എക്‌സ്പ്രസിലാണ് സംഭവം. കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന 40കാരിയായ അമ്മയ്ക്കും 15 വയസുള്ള മകള്‍ക്കുമെതിരെയാണ് പീഡനശ്രമം ഉണ്ടായത്.

ജനറല്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു ഇരുവരുടെയും യാത്ര. യാത്രക്കിടെ ടോയ്‌ലറ്റില്‍ കയറിയ യുവതിയെ യാത്രക്കാരില്‍ ഒരാള്‍ കടന്നു പിടിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അമ്മ അക്രമികളെ എതിര്‍ത്ത്, പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടശേഷം പുറകേ ചാടുകയായിരുന്നു. അതേസമയം അക്രമികളുടെ പെരുമാറ്റത്തെക്കുറിച്ച് അലഹാബാദില്‍ വെച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് കമ്പാര്‍ട്ട്‌മെന്റില്‍ എത്തി മൂന്ന് പേരെ പിടി
കൂടുകയും ചെയ്തിരുന്നു.

എന്നാല്‍ 30 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇവര്‍ വീണ്ടും കമ്പാര്‍ട്ട്‌മെന്റില്‍ വന്നു. പോലീസിന് കൈക്കൂലി കൊടുത്തിരിക്കാമെന്നാണ് മാതാവിന്റെ ആരോപണം. അലഹബാദ് സ്റ്റേഷന്‍ കഴിഞ്ഞതോടെ ഇവര്‍ കൂടുതല്‍ ആക്രമണകാരികളായി മാറുകയും തുടര്‍ന്ന് ഭീഷണി മുഴക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. മയക്കുമരുന്ന് കൊടുത്ത് മകളെ കൊണ്ടു പോകുമെന്നും വില്‍ക്കുമെന്നും പറഞ്ഞതായും മാതാവ് പോലീസിന് മൊഴി നല്‍കി.

സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ഗുരുതരമായ പരിക്കേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ലാലാ രജ്പത് റായി ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. സഹയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 15ഓളം പ്രതികള്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും കാണ്‍പൂര്‍ റെയില്‍വേ പൊലീസ് ഓഫീസര്‍ റാം മോഹന്‍ റായി പറഞ്ഞു.