തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്; സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

single-img
13 November 2017

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിലും ചെന്നൈയില്‍ ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നു.

അതേസമയം കാലവര്‍ഷം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി അറിയിച്ചു. നിലവില്‍ ചെന്നൈയില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യത ഇല്ലെന്ന് ഇ പളനിസ്വാമി പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമാണ് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതെന്നും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച 434 കോടി രൂപയുടെ വാട്ടര്‍ ഡ്രെയിന്‍ പദ്ധതി അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

ഓക്ടോബര്‍ അവസാനം പെയ്ത വടക്കുകിഴക്കന്‍ കാലവര്‍ഷവും ചെന്നൈയില്‍ അതിശക്തമായിരുന്നു. ഇതേത്തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വീണ്ടും തുറന്നത്. 2015ല്‍ ഉണ്ടായ മഴക്കെടുതിയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് ചെന്നൈയില്‍ നല്‍കിയിരിക്കുന്നത്. മഴക്കെടുതി നേരിടാന്‍ അധികൃതര്‍ വേണ്ടവിധം മുന്നൊരുക്കം നടത്താത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.