സിറിയന്‍ സൈന്യത്തിന് നേരെ ഐഎസിന്റെ ഒളിയാക്രമണം; അല്‍ബു കമല്‍ സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്തു

single-img
13 November 2017

സിറിയയില്‍ സൈന്യത്തിനുനേരെ ഒളിയാക്രമണം നടത്തി ഐഎസ്. നഗരത്തിനുള്ളില്‍ പ്രവേശിച്ച സൈനികരെ തുരങ്കങ്ങളില്‍ ഒളിച്ചിരുന്നായിരുന്നു ഭീകരര്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വന്‍ ആള്‍നാശം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഐഎസിന്റെ അവസാന ശക്തികേന്ദ്രമായ അല്‍ബു കമല്‍ സൈന്യത്തില്‍ നിന്ന് തിരികെ പിടിച്ചു.

പോരാട്ടത്തില്‍ ഷിയ ഗ്രൂപ്പുകളും റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ സൈന്യങ്ങളും സിറിയയെ സഹായിച്ചിരുന്നു. എന്നാല്‍ കനത്ത പോരാട്ടത്തില്‍ അല്‍ബു കമലില്‍ നിന്ന് സൈന്യം പിന്‍വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മേഖലയിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന സംഘടനകളും പ്രദേശവാസികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

തീവ്രവാദികളില്‍ ഒരു വിഭാഗം ഇറാഖ് അതിര്‍ത്തിയിലേക്ക് നീങ്ങിയതായും പറഞ്ഞിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു സൈന്യം. എന്നാല്‍ തീവ്രവാദികളെ പിന്തുടര്‍ന്ന സൈന്യം ചക്രവ്യൂഹത്തില്‍ അകപ്പെട്ടതുപോലെ ആയി.

തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഐഎസ് ഭീകരര്‍ സൈന്യത്തിന് നേരെ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിടുകയായിരുന്നു. ചാവേറുകളെ ഉപയോഗപ്പെടുത്തിയും റോക്കറ്റ് ലോഞ്ചറുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.

അതേസമയം ആക്രമണത്തില്‍ നിന്ന് പിന്‍തിരിഞ്ഞോടാന്‍ തയ്യാറല്ലെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. തത്കാലം പിന്‍മാറി കരയുദ്ധം ശക്തമാക്കുകയാണ് ലക്ഷ്യം. അതേസമയം അല്‍ബു കമലില്‍ റഷ്യയുടെ നേതൃത്വത്തില്‍ അതി ശക്തമായ വ്യോമാക്രമണം തുടരുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് അല്‍ബു കമലില്‍ നിന്ന് ഐഎസിനെ തുരത്തിയെന്നും ഒട്ടേറെ ഭീകരര്‍ കീഴടങ്ങിയെന്നും സിറിയന്‍ സൈന്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു വര്‍ഷത്തോളം ഈ നഗരം ഐഎസിന്റെ പിടിയിലായിരുന്നു. ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ 50 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ട്.