ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ പൊളിച്ച് ശൗചാലയം നിര്‍മിക്കുമെന്ന് ഹിന്ദുമഹാസഭാ നേതാവ്

single-img
13 November 2017

മുംബൈ: മുംബൈ സ്‌ഫോടനക്കേസിന്റെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പൊളിച്ച് അവിടെ ശൗചാലയം നിര്‍മിക്കുമെന്ന് അഖിലേന്ത്യ ഹിന്ദുമഹാസഭാ പ്രസിഡന്റ് സ്വാമി ചക്രപാണി.

ദാവൂദിന്റെ ഉടമസ്ഥതയിലുള്ള ഭെണ്ടി ബസാറിലെ ‘ഡല്‍ഹി സെയ്ക’ എന്നപേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ റോണക് അഫ്രോസ് സര്‍ക്കാര്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു. കൂടാതെ ദാവൂദിന്റെ പേരിലുള്ള അഞ്ച് വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്.

ഇവയെല്ലാം ലേലം ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ 2015ല്‍ ലേലത്തില്‍ വച്ചെങ്കിലും പേടികാരണം ലേലത്തിലെടുക്കാന്‍ ആരും തയ്യാറായില്ല. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് സ്വാമി ചക്രപാണി പറയുന്നത്.

ഇന്ത്യന്‍ സര്‍ക്കാരുകള്‍ ദാവൂദിനെ ഭീകരനായി ചിത്രീകരിക്കുകയും ജനങ്ങളില്‍ ഭീതിയുണ്ടാക്കുകയും ചെയ്തത് മൂലമാണ് ആരും ദാവൂദിന്റെ ആസ്തികള്‍ ലേലത്തിലെടുക്കാന്‍ തയ്യാറാകാത്തതെന്നും ചക്രപാണി പറഞ്ഞു. ദാവൂദിനെപ്പോലെയുള്ള ഭീരുക്കളെ പേടിക്കേണ്ടതില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് തന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദാവൂദിന്റെ ആസ്തികള്‍ ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് താന്‍ ലേലത്തുകയുടെ 10 ശതമാനം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. തനിക്ക് ദാവൂദിനോട് വ്യക്തിപരമായി യാതൊരു വിരോധമില്ലെന്നും എന്നാല്‍ ദാവൂദിനോടുള്ള ഭീതി ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായാണ് ദാവൂദുമായി ബന്ധപ്പെട്ട ആസ്തികള്‍ ലേലംകൊള്ളുന്നതെന്നും അവ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായി രീതിയില്‍ ഉപയോഗിക്കുമെന്നും ചക്രപാണി പറയുന്നു. 2015 ല്‍ ദാവൂദിന്റെ കാര്‍ ചക്രപാണി ലേലത്തില്‍ പിടിച്ചിരുന്നു. തുടര്‍ന്ന് ഇത് ഗാസിയാബാദില്‍ ജനമധ്യത്തില്‍ വെച്ച് കത്തിച്ചുകളയുകയായിരുന്നു.

ഇതിന് ശേഷം ഇദ്ദേഹത്തിന് ദാവൂദ് അനുയായികളില്‍ നിന്ന് വധഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. വധഭീഷണിയെ തുടര്‍ന്ന് ചക്രപാണിക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് നല്‍കിയിട്ടുള്ളത്. അതേമയം ചൊവ്വാഴ്ച ദാവൂദിന്റെ ആസിതികള്‍ വീണ്ടും ലേലത്തില്‍ വെയ്ക്കുന്നുണ്ട്. ലേലത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ ഓണ്‍ലൈനായി ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.