സ്മാര്‍ട്ട് ഫോണ്‍ രാത്രി മുഴുവന്‍ ചാര്‍ജിനിടുന്നത് ബാറ്ററിക്ക് ദോഷമോ ?

single-img
13 November 2017

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഒരു ധാരണയുണ്ട് രാത്രി മുഴുവനായി ഫോണ്‍ ചാര്‍ജില്‍ ഇടുന്നത് ബാറ്ററിയെ തകര്‍ക്കുമെന്ന്. എന്നാല്‍ ആ ധാരണ തെറ്റാണെന്നാണ് ക്വോറ എന്ന വെബ്‌സൈറ്റില്‍ ടെക് എഴുത്തുകാരനായ ജെസ്സി ഹോളിങ്ടന്‍ പറയുന്നത്.

ഫോണ്‍ രാത്രിയില്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാനിടുന്നതു കൊണ്ട് ബാറ്ററിയ്ക്ക് ചെറിയ കേടുപാടു പോലും സംഭവിക്കില്ലെന്ന് അദ്ദേഹം പറയുന്നു. ബാറ്ററിയുടെ ആയുസ് നിര്‍ണയിക്കുന്നത് സൈക്കിള്‍ കൗണ്ടിനെയും ബാറ്ററി എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെയും ബാറ്ററിക്ക് നിങ്ങള്‍ എത്രത്തോളം ജോലി നല്‍കുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാറ്ററി നശിക്കുന്നതിനു മുമ്പ് എത്രതവണ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഫുള്‍ ചാര്‍ജ് ആയി എന്നതിനെയാണ് സൈക്കിള്‍ കൗണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് നമ്മള്‍ ബാറ്ററി പകുതി തീര്‍ന്നപ്പോഴാണ് ചാര്‍ജ് ചെയ്യുന്നതെങ്കില്‍ പകുതിയാണ് റീചാര്‍ജ് ചെയ്യപ്പെടുന്നത്. അങ്ങനെവരുമ്പോള്‍ അത് ഹാഫ് സൈക്കിള്‍ ആണ്.

ആപ്പിള്‍, സാംസങ് തുടങ്ങി എല്ലാ പ്രധാന ടെക് കമ്പനികളും ലിഥിയം അടിസ്ഥാനമായ ബാറ്ററികളാണ് ഹാന്‍ഡ്‌സെറ്റുകളില്‍ സാധാരണയായി ഉപയോഗിച്ചു വരുന്നത്. ലിഥിയം അയണ്‍ ബാറ്ററികള്‍ പരിമിതമായ ചാര്‍ജ് സൈക്കിള്‍ (ഐഫോണിന്റെ കാര്യത്തില്‍ 500 തവണ) മാത്രമുള്ളവയാണ്. ബാറ്ററി പൂജ്യത്തില്‍ നിന്നും പൂര്‍ണ്ണമായും (100 ശതമാനം) ചാര്‍ജ് ചെയ്യുന്നതാണ് ഒരു ചാര്‍ജ് സൈക്കിള്‍.

ഓരോ തവണയും നിങ്ങള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നത് ബാറ്ററി 90 ശതമാനം ഉള്ളപ്പോള്‍ ആണെങ്കില്‍ ചാര്‍ജ് സൈക്കിളിന്റെ 10 ശതമാനം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. അതേസമയം, ബാറ്ററി പൂര്‍ണമായും തീര്‍ന്ന ശേഷം ചാര്‍ജ് ചെയ്യാനിടുകയാണെങ്കില്‍ ചാര്‍ജ് സൈക്കിള്‍ പൂര്‍ണ്ണമായും ഉപയോഗിക്കപ്പെടുന്നു. അതേസമം ഫോണുകളിലെ ചാര്‍ജിങ്ങ് കപ്പാസിറ്റി 100% ആയി കഴിഞ്ഞാല്‍ അതിനുള്ളിലെ ചിപ്പ് പിന്നീടുള്ള ചാര്‍ജിങ്ങ് തടയും. അതുകൊണ്ട് തന്നെ ഫോണ്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്തിടുന്നതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.