മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞു

single-img
13 November 2017

തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ രാവിലെ ആറുമണിക്കാണ് ഉപരോധം തുടങ്ങിയത്.

ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. കന്റോണ്‍മെന്റ് ഗെയിറ്റൊഴികെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗെയിറ്റുകളും സമരക്കാര്‍ ഉപരോധിച്ചു. കന്റോണ്‍മെന്റ് ഗെയിറ്റുവഴി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എത്താനായതിനാല്‍ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനത്തെ വലിയതോതില്‍ ഉപരോധം ബാധിച്ചില്ല.

ഉപരോധത്തെത്തുടര്‍ന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുകാരണം രാവിലെ പല റോഡുകളിലും ഗതാഗതക്കുരുക്കുണ്ടായി. ഉച്ചവരെയാണ് ഉപരോധം.

മുന്നണിയിലെ പ്രമുഖ കക്ഷികളും റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയും എതിര്‍ത്തിട്ടും തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത് മുഖ്യമന്ത്രി സംരക്ഷിക്കുന്നതു കൊണ്ടാണെന്ന് ബിജെപി ആരോപിച്ചു. മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയോടുള്ള വിട്ടുവീഴ്ചാ മനോഭാവം എന്താണെന്ന് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിക്ക് ഭൂമി കയ്യേറാന്‍ എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത ശേഷം മന്ത്രിക്കെതിരെ സമരം നടത്താന്‍ യുഡിഎഫിന് അവകാശമില്ല. അതിനാല്‍ തന്നെ തോമസ് ചാണ്ടിക്കെതിരായ യഥാര്‍ത്ഥ സമരം നടത്തുന്നത് തങ്ങളാണെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.